മനിശ്ശേരി വില്ലേജ് ഓഫീസ് എത്തുന്നതിന് മുൻപാണ് അപകടം ഉണ്ടായത്
പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയിൽ ഓടി കൊണ്ടിരുന്ന റോഡ് റോളർ കത്തി നശിച്ചു. മനിശ്ശേരി വില്ലേജ് ഓഫീസ് എത്തുന്നതിന് മുൻപാണ് അപകടം ഉണ്ടായത്. ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്നു റോഡ് റോളറിനാണ് തീ പിടിച്ചത്. ഓടിക്കൊണ്ടിരിക്കെ പെട്ടന്ന് പുകയും തീയും ഉയരുകയായിരുന്നു. പിന്നീട് റോഡ് റോളർ പൂർണമായും കത്തി. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പഴഞ്ഞി അയിനൂര്‍ ചീനിക്കല്‍ അമ്പലത്തിനു മുന്‍പില്‍ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു എന്നതാണ്. പഴഞ്ഞി സ്വദേശിനി ആശാരി വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജയശ്രീ (50) യാണ് മരിച്ചത്. നീതു, നിഖില എന്നിവരാണ് ജയശ്രീയുടെ മക്കള്‍. കഴിഞ്ഞ ദിവസം രാവിലെ 9.30 നാണ് അപകടമുണ്ടായത്. പഴഞ്ഞി ഭാഗത്ത് നിന്ന് കല്ലുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്, റോഡ് മുറിച്ചു കടക്കുകയായിരുന്ന ജയശ്രീയെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ വീട്ടമ്മയുടെ തല സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റത്തിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ ജയശ്രീ മരിച്ചെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്കും പരുക്കേറ്റിട്ടുണ്ട്. വടക്കേക്കാട് സ്വദേശികളായ വെട്ടിശ്ശേരി വീട്ടില്‍ ഹരി (20), സുഹൃത്ത് അമല്‍ (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വീട്ടമ്മയെ ഇടിച്ച ബൈക്ക് കുറച്ചു ദൂരം നിരങ്ങി നീങ്ങിയതിനെ തുടര്‍ന്നാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരുക്കേറ്റത്. അപകടത്തില്‍ ബൈക്കിന്റെ മുന്‍വശം തകര്‍ന്നു.
