പള്ളിയിലെ മഖാമിലേയും കമ്മിറ്റി ഓഫീസിലെയും വാതിലുകൾ പൊളിക്കുകയും മേശകൾ കുത്തി തുറന്ന നിലയിലുമായിരുന്നു. ശനിയാഴ്ച്ച രാത്രിയോടെയാകാം മോഷണം എന്നാണ് പ്രഥമിക നിഗമനം.
തിരുവനന്തപുരം: പൂവച്ചൽ ടൗണ്‍ മുസ്ലിം ജമാ അത്തിൽ കവർച്ച. കമ്മിറ്റി ഓഫീസിലെ മേശയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ മോഷണം പോയതായി സെക്രട്ടറി ഷമീർ പറഞ്ഞു. പള്ളിയിലെ മഖാമിലേയും കമ്മിറ്റി ഓഫീസിലെയും വാതിലുകൾ പൊളിക്കുകയും മേശകൾ കുത്തി തുറന്ന നിലയിലുമായിരുന്നു. ശനിയാഴ്ച്ച രാത്രിയോടെയാകാം മോഷണം എന്നാണ് പ്രഥമിക നിഗമനം.
ശനിയാഴ്ച രാത്രി ഒമ്പതര മണിയോടെ സെക്രട്ടറി പള്ളി പൂട്ടി പോയിരുന്നു. ശേഷം ഞായറാഴ്ച രാവിലെ പതിനൊന്നര മണിയോടെ വിവാഹ ആവശ്യത്തിന് രജിസ്റ്റർ എടുക്കുന്നതിനായി പ്രസിഡന്‍റ് കലാം കമ്മിറ്റി ഓഫീസിൽ എത്തിയപ്പോഴാണ് വാതിൽ പൊളിഞ്ഞു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത്. ഉടൻ കാട്ടാക്കട പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി പ്രഥമിക പരിശോധന നടത്തി ഭാരവാഹികളിൽ നിന്നും മൊഴിയെടുത്തു വിവരങ്ങൾ ശേഖരിച്ചു. വിരലടയാള വിദഗ്ധർ വൈകുന്നേരത്തോടെ പരിശോധന നടത്തും.
