മണ്ണഞ്ചേരി: കേബിള്‍ ടി വി ഓഫീസ് രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ആലപ്പുഴ പാലസ് വാര്‍ഡ് തെക്കേക്കുളമാക്കിയില്‍ രാജ്കമല്‍ (36), കലവൂര്‍ പാറപ്പുറത്തുവെളി ബിനീഷ് (34), ആര്യാട് പഞ്ചായത്ത് വ്യാസപുരം പക്ഷണമ്പലത്തുവെളി പ്രതീഷ് (32) എന്നിവരെയാണ് മണ്ണഞ്ചേരി എസ് ഐ ലൈസാദ് മുഹമ്മദും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടാം തീയതിയായിരുന്നു സംഭവം. പാതിരപ്പള്ളിയിലെ സെവന്‍സ്റ്റാര്‍ കേബിള്‍ ടിവി ഓഫീസിന്റെ ടെക്‌നിക്കല്‍ റൂം കുത്തിത്തുറന്ന് ഒരു ലക്ഷം രൂപാവിലയുള്ള ഇലക്‌ട്രോണിക് ഉപകരണം മൂന്നുപേരും ചേര്‍ന്ന് മോഷ്ടിക്കുകയായിരുന്നു. 

പ്രതികള്‍ മൂന്നുപേരും കേബിള്‍ ടി വി രംഗത്ത് ജോലി ചെയ്യുന്നവരാണ്. കേബിള്‍ ടി വി സ്ഥാപനങ്ങള്‍ തമ്മിലുള്ള കിടമത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പാതിരപ്പള്ളിയിലെ ദേശിയപാതയോരത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സംശയമുള്ളവരെ നിരീക്ഷിക്കുകയും ചെയ്തശേഷമാണ് പ്രതികളെ പിടികൂടിയത്. 

ആലപ്പുഴയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേബിള്‍ ടിവി ക്കാരുടെ കിടമത്സരത്തിന്റെ ഭാഗമായി രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ സംഭവം വരെയുണ്ടായിട്ടുണ്ട്. നഗരത്തിലും പരിസരങ്ങളിലും പരസ്പരം കേബിള്‍ മുറിച്ച് കളയുന്ന സംഭവങ്ങളും പതിവാണ്. ആയതിനാല്‍ പൊലീസ് ഈ സംഭവത്തെ ഗൗരവമായാണ് കാണുന്നത്. അന്വേഷണ സംഘത്തില്‍ ബിജു സി ആര്‍, ബിജുമോന്‍, ഷാനവാസ്, ജോജോ, സനോജ്, മിക്കു എന്നിവരും ഉണ്ടായിരുന്നു.