വീടിന്റെ അടുക്കള വാതിൽ കുത്തിതുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും കവരുകയായിരുന്നു. ഷംസുദ്ദീനും കുടുംബവും കഴിഞ്ഞ പത്തു ദിവസമായി പത്തനാപുരത്തുള്ള മകളുടെ വീട്ടിലായിരുന്നു.

ആലപ്പുഴ: ചാരംമൂട് ആദിക്കാട്ടുകുളങ്ങരയിൽ വീണ്ടും മോഷണം. അടച്ചിട്ടിരുന്ന വീടിന്റെ കതക് പൊളിച്ച് 60,000 രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും കവർന്നു. ആദിക്കാട്ടുകുളങ്ങര പൈനുംമൂട്ടിൽ തെക്കതിൽ ഷംസുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ അടുക്കള വാതിൽ കുത്തിതുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും കവരുകയായിരുന്നു. ഷംസുദ്ദീനും കുടുംബവും കഴിഞ്ഞ പത്തു ദിവസമായി പത്തനാപുരത്തുള്ള മകളുടെ വീട്ടിലായിരുന്നു.

കഴിഞ്ഞ ദിവസം അടുക്കളുടെ കതക് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ വീട്ടുകാരുടെ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. ബന്ധുവിന്റെ വിവാഹത്തിന് നൽകുവാൻ കരുതിയ പണമാണ് മോഷണം പോയതെന്ന് വീട്ടുകാർ പറയുന്നു. നൂറനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

മാസങ്ങൾക്കു മുമ്പ് സമീപ വീട്ടിൽ നിന്നും ഇരുപത്തൊന്ന് പവൻ സ്വർണാഭരണങ്ങളും പണവും മോഷണവും പോയിരുന്നു. വീണ്ടും ഈ പ്രദേശത്തുണ്ടായ മോഷണം നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. ആരിക്കാട്ടുകുളങ്ങരയിൽ നിരവധി മോഷണങ്ങൾ നടന്നെങ്കിലും പ്രതികളെ പിടികൂടാൻ കഴിയാത്തതിൽ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.