മാലിന്യം അഴുകിയ ദുർഗന്ധത്തിനൊപ്പം കൊതുകുശല്യവും രൂക്ഷമായെന്നാണ് പരാതി. വൈദ്യുതി മുടക്കം കൂടിയെത്തിയതോടെ കൊതുകിനെ പേടിച്ച് വീട്ടിനുള്ളിലും പുറത്തും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് സമീപവാസികൾ പറയുന്നു.
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണം നടക്കുന്നില്ലെന്നും സമീപത്ത് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സമീപവാസികൾ. നഗരമധ്യത്തിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് മാലിന്യക്കൂമ്പാരമായി മാറിയിട്ട് മാസങ്ങളായിട്ടും കോർപ്പറേഷൻ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് പരാതി. കെഎസ്ആർടിസി ബസ് സ്റ്റാൻഡ്–റെയിൽവേ സ്റ്റേഷൻ പരിസരം, വഞ്ചിയൂർ, പാറ്റൂർ തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന തോട്ടിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇറച്ചി കടകളിൽ നിന്നടക്കം മാലിന്യം കെട്ടായെത്തിച്ച് ഇവിടെ നിക്ഷേപിക്കാറുണ്ടെന്നും ദുർഗന്ധം വമിക്കുന്ന മലിന ജലം ഒഴുകുന്നതിനാൽ വീടിന്‍റെ ജനലുകൾ തുറക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും സമീപവാസികൾ പറയുന്നു.
മാലിന്യം അഴുകിയ ദുർഗന്ധത്തിനൊപ്പം കൊതുകുശല്യവും രൂക്ഷമായെന്നാണ് പരാതി. വൈദ്യുതി മുടക്കം കൂടിയെത്തിയതോടെ കൊതുകിനെ പേടിച്ച് വീട്ടിനുള്ളിലും പുറത്തും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കാലവർഷം തുടങ്ങും മുമ്പ് തോട് ശുചീകരിക്കുകയും തകർന്ന സംരക്ഷണ ഭിത്തികൾ പുനർനിർമിക്കുകയും ചെയ്യേണ്ടതായിരുന്നെങ്കിലും ഒന്നുമുണ്ടായില്ലെന്നാണ് പരാതി. മാസങ്ങളായി തോടിന്‍റെ വിവിധയിടങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യം അതേപടി തുടരുകയാണ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാലിന്യം എത്തിച്ച് രാത്രികാലങ്ങളിൽ തോട്ടിലേക്ക് തള്ളുന്നതായി മേയർക്ക് ഉൾപ്പെടെ പരാതി ലഭിച്ചിട്ടും കാര്യമായ നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
