മാവേലിക്കര: മാവേലിക്കരക്കാരുടെ കുട്ടപ്പൻ ചേട്ടന് മോട്ടോർവാഹന വകുപ്പിന്റെ ഓണസദ്യയും സമ്മാനങ്ങളും. വെറുതെയല്ല, ഈ കെട്ടകാലത്തെ വലിയ പ്രതീക്ഷയുടെ മാതൃകയായതിനാണ് കുട്ടപ്പൻ ചേട്ടന് ആദരം. തെരുവിൽ അന്തിയുറങ്ങി ആഹാര ആവശ്യങ്ങൾക്കായി ലോട്ടറി കച്ചവടം നടത്തിയായിരുന്നു കുട്ടപ്പൻ ചേട്ടന്റെ ജീവിതം. ഇതിനിടെ എത്തിയ കൊവിഡിനെ നേരിടാൻ ഇല്ലായ്മയിലെ ദുരിതത്തിലും കരുതലായി    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി കുട്ടപ്പൻ. 

മാവേലിക്കര ജോയിന്റ് ആർടിഒഎം. ജി മനോജിന്റെ നേതൃത്വത്തിൽ ആർടിഒ ഓഫീസിൽ നടന്ന ചടങ്ങിൽ കുട്ടപ്പൻ ചേട്ടന് എന്നും പ്രിയപ്പെട്ടതായ റേഡിയോയും ഓണക്കോടിയുമാണ് മോട്ടോർ വാഹന വകുപ്പ് സമ്മാനമായി നൽകിയത്. കൂടാതെ ഓണസദ്യയും നൽകിയാണ് അദ്ദേഹത്തെ അവർ യാത്രയാക്കിയത്.

കുട്ടപ്പൻ ചേട്ടനൊപ്പം മാവേലിക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് അന്തിയുറങ്ങുന്ന തമ്പി എന്ന വയോധികനും ഓണക്കോടിയും സദ്യയും നൽകി.  കൊവിഡ് ലോക്ക്ഡൗൺ സാഹചര്യത്തിൽ മോട്ടോർ വാഹനവകുപ്പും സന്നദ്ധ പ്രവർത്തകരും ചേർന്ന് നിരാലംബർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനിടെ ആയിരുന്നു കുട്ടപ്പൻ ചേട്ടനെ കണ്ടത്.

റേഡിയോയിലൂടെ ദുരിതാശ്വാസനിധി ശേഖരണത്തിന്റെ വാർത്ത അറിഞ്ഞുവച്ചിരുന്ന അദ്ദേഹം തന്റെ കൈവശം ഉണ്ടായിരുന്ന 341 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാനായി  മോട്ടോർ വാഹന വകുപ്പിനെ ഏൽപ്പിക്കുകയായിരുന്നു.അന്ന് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തുകയുടെ രസീതും ആ തുകയുടെ ഇരട്ടിയും മോട്ടോർവാഹനവകുപ്പ് തിരികെ നൽകുകയും മാവേലിക്കര നഗരസഭ ചെയർപേഴ്സൺ ഉൾപ്പടെയുള്ളവർ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.