ആലപ്പുഴ: പ്രളയദുരന്തത്തില്‍ വീട് മുഴുവന്‍ മുങ്ങി എല്ലാ സമ്പാദ്യവും നഷ്ട്ടപ്പെട്ട കണ്ടിയൂര്‍ കുരുവിക്കാട് ഉണ്ണിഭവനത്തില്‍ പളനിയപ്പനും കുടുംബവും നാളുകളോളം അടച്ചിട്ടിരുന്ന ചായക്കട ഒരു മാസം മുമ്പാണ് മാവേലിക്കര ജംഗ്ഷനില്‍ തുറന്നത്. എന്നാല്‍ ആ ചായക്കട ഇന്നലെ  ശബരിമല കര്‍മ്മസമിതിയുടെ ഒരുസംഘം പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. ഒരു കുടംബത്തിന്‍റെ മുഴുവന്‍ പ്രതീക്ഷകളാണ് ഇന്നലെ ആര്‍എസ്എസ് ആക്രമണത്തില്‍ ഇല്ലാതായത്. 

അച്ചന്‍കോവിലാറിന്‍റെ തീരത്തുള്ള കുരുവിക്കാട് പ്രദേശം മുഴുവന്‍ പ്രളയകാലത്ത് വെള്ളത്തിനടിയിലായിരുന്നു. ഇവിടെ താമസിക്കുന്ന പളനിയപ്പനും കുടുംബവും നാളുകളോളം ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുകയായിരുന്നു. ഒരുകാലിന് സ്വാധീനമില്ലാത്തതിനാല്‍ പളനിയപ്പന്‍റെ മകന്‍ ജയപ്രകാശിന് ആര്‍എസ്എസ് ആക്രമണത്തില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

പളനിയപ്പന്‍റെ മകന്‍ ജയപ്രകാശ് ബാലസംഘം മാവേലിക്കര ഏരിയ കമ്മിറ്റി മുന്‍ സെക്രട്ടറിയും എസ്എഫ്‌ഐ മാവേലിക്കര ഏരിയ കമ്മിറ്റിയംഗവുമാണ്. മകനെ അക്രമികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പളനിയപ്പനും സുശീലക്കും പരിക്കേറ്റത്. മികച്ചൊരു ചിത്രകാരന്‍ കൂടിയായ  ജയപ്രകാശ് പ്രളയശേഷം ബാക്കിയായ തന്‍റെ ചിത്രങ്ങള്‍ കടയിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഇവയില്‍ പലതും നശിപ്പിക്കപ്പെട്ടു.