മരിയനാട് നടന്ന ജില്ലാതല സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ ഫാത്തിമാപുരം എഫ് എ സി സി ടീം തങ്ങൾക്ക് ലഭിച്ച സമ്മാനത്തുക കാൻസർ രോഗിയായ 14-കാരന് നൽകി മാതൃകയായി. 

മേനംകുളം: ആവേശവും വാശിയും എല്ലാം കളക്കളത്തിലാണ്, ആത്യന്തികമായി സഹജീവി സ്നേഹവും സഹാനുഭൂതിയുമാണ് നല്ല മാതൃകയെന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാർ നാടിന് പിന്നാലെ നടക്കാൻ വഴികാട്ടി ഫോര്‍വാഡ് കളിക്കുകയാണ്. മരിയനാട് വെച്ച് നടന്ന ബി പി ബി പി എം ജില്ലാതല സെവെൻസ് ഫുട്ബോൾ ടൂർണമെന്റിൽ രണ്ടാം സ്ഥാനം നേടിയ ഫാത്തിമാപുരം എഫ് എ സി സി ടീമാണ് തങ്ങൾക്ക് ലഭിച്ച സമ്മാനത്തുക കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന നാട്ടിലെ പതിനാലുകാരന് നൽകിയത്. ​തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിനോട് ചേർന്ന ഫാത്തിമാപുരത്തെ റോഷൻ റോബിൻ എന്ന 14 വയസ്സുകാരൻ നിലവിൽ ആർ സി സി യിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഈ കുട്ടിയുടെ ചികിത്സാസഹായത്തിനായാണ് കഠിനപ്രയത്നത്തിലൂടെ തങ്ങൾ നേടിയെടുത്ത സമ്മാനത്തുക മുഴുവൻ യുവാക്കൾ കൈമാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വന്തമായി ഒരു ഫുട്ബോൾ ഗ്രൗണ്ട് പോലും ഇല്ലാതിരുന്നിട്ടും കഠിനമായ പരിശീലനത്തിലൂടെയാണ് ഫാത്തിമാപുരം ടീം ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചത്. ഈ മാസം 16 മുതൽ 20 വരെ നടന്ന ടൂർണമെന്റിൽ പങ്കെടുത്ത 28 കരുത്തരായ ടീമുകളോട് പോരാടിയാണ് ഇവർ ഫൈനൽ വരെ എത്തിയത്. ഫാത്തിമാപുരം ടീമിന്റെ സെമിഫൈനൽ മത്സരം കാണാൻ സംസ്ഥാന സ്പോർട്സ് വകുപ്പ് മന്ത്രി നേരിട്ടെത്തിയത് ടീമിന്റെ കളിമികവിനുള്ള അംഗീകാരമായി.​മത്സരത്തിൽ റണ്ണേഴ്സ് അപ്പ് ആയെങ്കിലും ടൂർണമെന്റിലെ വ്യക്തിഗത പുരസ്കാരങ്ങൾ തൂത്തുവാരിയതും ഫാത്തിമാപുരത്തിന്റെ താരങ്ങളാണ്. ടീമിലെ അലൻ സാജു ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരവും, ഏറ്റവും കൂടുതൽ ഗോൾ നേടിയവർക്കുള്ള പുരസ്കാരവും സ്വന്തമാക്കി.

ഒന്നാം സമ്മാനമായി 50,000 രൂപയും രണ്ടാം സമ്മാനമായി 25,000 രൂപയുമാണ് ടൂർണമെന്റിൽ നിശ്ചയിച്ചിരുന്നത്. ഫൈനലിൽ റണ്ണേഴ്സ് അപ്പായ ഫാത്തിമാപുരം ടീമിന് ലഭിച്ച 25,000 രൂപയുടെ കാഷ് പ്രൈസ് അവർ സ്വന്തം ആവശ്യങ്ങൾക്കായി മാറ്റിവെക്കാതെ, ആർ.സി.സിയിൽ ജീവിതത്തോട് പോരാടുന്ന റോഷൻ റോബിന്റെ ചികിത്സയ്ക്കായി നൽകാൻ തീരുമാനിക്കുകയായിരുന്നു.​ 'കളിക്കാൻ ഒരു നല്ല ഗ്രൗണ്ട് പോലുമില്ലാത്ത ഞങ്ങളുടെ പരിമിതികളെക്കാൾ വലുതാണ് ആർ.സി.സിയിലെ ഐ.സി.യുവിൽ കഴിയുന്ന ഞങ്ങളുടെ അനിയന്റെ ജീവൻ,' എന്ന് തെളിയിച്ച ഈ കായികതാരങ്ങളെ സോഷ്യൽ മീഡിയയും കായികപ്രേമികളും ഒരേപോലെ അഭിനന്ദിക്കുകയാണ്.