കോഴിക്കോട് മുത്തപ്പൻകാവ് സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പം ആണ് രൂപേഷ് മൂന്നാറിൽ എത്തിയത്.
ഇടുക്കി: മൂന്നാര്‍ വട്ടവട റോഡിലെ കുണ്ടള പുതുക്കുടിയില്‍ മണ്ണിടിഞ്ഞ് കാണാതായ വിനോദസഞ്ചാരി രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍പ്പെട്ട കൂടുംബാംഗങ്ങളെയെല്ലാം രക്ഷപ്പെടുത്തിയ രൂപേഷ് പിന്നീട് വാഹനത്തിനൊപ്പം കൊക്കയിലേക്ക് പതിക്കുകയായിരുന്നു. രാവിലെ പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അപകടം നടന്നതിന് ഒരു കിലോമീറ്റര്‍ താഴെ വെച്ച് രൂപേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്.
രൂപേഷിനോപ്പം ഒഴുകിപ്പോയ ട്രാവലറിന് സമീപം മണ്ണില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഒരുമണിക്കൂറിലധികം പണിപ്പെട്ടാണ് ഫയര്‍ഫോഴ്സ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് ചുമന്ന് മുന്നാര്‍ വട്ടവട റോഡിലെത്തിച്ചു. തെരച്ചിലിന് നേതൃത്വം നല്‍കാനായി ഇടുക്കി ജില്ലാ കളക്ടറും സ്ഥലത്തെത്തിയിരുന്നു. കോഴിക്കോട് മുത്തപ്പന്‍കാവ് സ്വദേശിയായ രൂപേഷ് ഭാര്യക്കും മകള്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പമാണ് വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തുന്നത്.
ടോപ് സ്റ്റേഷന്‍ കണ്ടതിനുശേഷം തിരികെ പോകുന്നതിനിടെ ഇന്നലെ മൂന്നുമണിയോടെ മണ്ണിടിച്ചിലില്‍ വാഹനം ചെളിയില്‍ പുതഞ്ഞു. തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മുഴുവനാളുകളെയും പുറത്തെത്തിച്ചശേഷം വീണ്ടും ട്രാവലറിലേക്ക് കയറുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. കുത്തിയൊലിച്ചെത്തിയ മണ്ണിലും കല്ലിലും പെട്ട് കൊക്കയിലേക്ക് മറിഞ്ഞ വാഹനം ഒരു കിലോമീറ്റര്‍ താഴെവെച്ചാണ് ഇന്നലെ വൈകിട്ട് കണ്ടെത്തുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോകും.

