Asianet News MalayalamAsianet News Malayalam

ഒന്നടങ്കം ഞെട്ടി ഗുരുവായൂർ! നിര്‍മാല്യം തൊഴുതെത്തി, ഈറൻമാറാൻ വസ്ത്രം എടുക്കവെ സ്കൂട്ടറിൽ പാമ്പ്; ഒടുവിൽ...

പ്രബീഷിന്റെ നേതൃത്വത്തില്‍  ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ പിടി കൂടാനായില്ല. വിവരമറിഞ്ഞ് ജനം തടിച്ചു കൂടിയതോടെ പൊലീസും സ്ഥലത്തെത്തി

Russell Viper Snake found in scooter at guruvayur temple shocking asd
Author
First Published Oct 31, 2023, 9:36 PM IST

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ കയറിക്കൂടിയ പാമ്പ് നാട്ടുകാരെ ആറര മണിക്കൂര്‍ വട്ടം കറക്കി. പണവും സമയവും നഷ്ടപ്പെട്ടാലും ജീവന്‍ തിരിച്ചു കിട്ടിയല്ലോ എന്ന ആശ്വാസത്തിലാണ് സ്‌കൂട്ടര്‍ ഉടമ ശരത്. തിമില കലാകാരനായ ചേലക്കര സ്വദേശി വില്ലേടത്തു പറമ്പില്‍ ശരത് കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയാണ് ഗുരുവായൂരില്‍ എത്തിയത്. പടിഞ്ഞാറേ നടയില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ക്ഷേത്രത്തിലേക്ക് പോയി. നിര്‍മ്മാല്യം കുളിച്ചു തൊഴുത് പുലര്‍ച്ചെ നാലുമണിയോടെ സ്‌കൂട്ടറിന് അരികില്‍ എത്തി. ഈറന്‍ മാറാന്‍ സീറ്റ് തുറന്നു വസ്ത്രങ്ങള്‍ എടുക്കുമ്പോഴാണ് സീറ്റിനു മുകളില്‍ പാമ്പിനെ കണ്ടത്.

ജോലി വാഗ്ദാനത്തിൽ യുവതിയെ ഗൾഫിൽ കൊണ്ടുപോയി, പീഡിപ്പിച്ചു, ശേഷം പെൺവാണിഭം; 19 വർഷത്തിന് ശേഷം പ്രതിക്ക് ശിക്ഷ

സീറ്റിന്റെ അടിവശത്താണ് ശരത് പിടിച്ചിരുന്നത്. മുകള്‍വശത്തായിരുന്നെങ്കില്‍ പാമ്പിന്റെ കടിയേല്‍ക്കുമായിരുന്നുവെന്ന് ശരത് പറയുന്നു. നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ക്ഷേത്രനടയില്‍ പാമ്പിനെ കൊല്ലാന്‍ പാടില്ലെന്ന് സമീപത്തെ വ്യാപാരികള്‍ പറഞ്ഞതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ കുറച്ച് അകലേക്ക് കൊണ്ടുപോയി. അയല്‍വാസികളായ രണ്ടുപേരെ സ്‌കൂട്ടറിന് കാവലിരുത്തിയ ശേഷം ശരത് തൊട്ടടുത്തുള്ള ഫയര്‍ ഫോഴ്‌സ് ഓഫീസിലെത്തി വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഉടനെ സിവില്‍ ഡിഫന്‍സ് അംഗവും സ്‌നേക്ക് റെസ്‌ക്യൂ വളണ്ടിയറുമായ പ്രബീഷിനെ വിളിച്ചു വരുത്തി.

പ്രബീഷിന്റെ നേതൃത്വത്തില്‍  ഏറെ നേരം തിരച്ചില്‍ നടത്തിയെങ്കിലും പാമ്പിനെ പിടി കൂടാനായില്ല. വിവരമറിഞ്ഞ് ജനം തടിച്ചു കൂടിയതോടെ പൊലീസും സ്ഥലത്തെത്തി. ഒടുവില്‍ മെക്കാനിക്കിനെ കൊണ്ടുവന്നു സ്‌കൂട്ടര്‍ മുഴുവന്‍ അഴിച്ച് അരിച്ചുപെറുക്കിയെങ്കിലും പാമ്പിന്റെ പൊടിപോലും കണ്ടെത്താനായില്ല. പാമ്പ് രക്ഷപ്പെട്ടിരിക്കാമെന്ന് എല്ലാവരും പറഞ്ഞെങ്കിലും ശരത് വിശ്വസിക്കാന്‍ തയ്യാറായില്ല. ശരത്തിനെ വിശ്വസിപ്പിക്കാന്‍ ചിലര്‍ വെളുത്തുള്ളി ചതച്ചു കലക്കി സ്‌കൂട്ടറിനുള്ളില്‍ തളിച്ചു. എങ്കിലും പാമ്പ് സ്‌കൂട്ടറിനുള്ളില്‍ തന്നെയുണ്ടെന്നായിരുന്നു ശരത്തിന്റെ ഉറപ്പ്. മണ്ണെണ്ണ തളിച്ചാല്‍ ചാടാത്ത പാമ്പില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ അതും പരീക്ഷിച്ചു. എന്തു പറഞ്ഞാലും ഈ സ്‌കൂട്ടറുമായി വീട്ടിലേക്ക് പോകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ശരത്. ഒടുവില്‍ സര്‍വീസ് സ്റ്റേഷനില്‍ കൊണ്ടുപോയി വാട്ടര്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചു. അപ്പോഴും ശരത് സ്‌കൂട്ടര്‍ ഓടിക്കാന്‍ തയ്യാറായില്ല. പ്രബീഷ് സ്‌കൂട്ടറുമായി ഒന്ന് കറങ്ങി തിരിച്ചെത്തി. ധൈര്യമായി പോകാന്‍ പറഞ്ഞു സ്‌കൂട്ടര്‍ കൈമാറിയെങ്കിലും ശരത് സ്വീകരിക്കാന്‍ തയ്യാറായില്ല.

വെറുതെ ഒരു മനസമാധാനത്തിന് ഒരിക്കല്‍ക്കൂടി സീറ്റ് തുറന്നു നോക്കിയപ്പോഴുണ്ട് സീറ്റ് ലോക്കിന് അടിയില്‍ പാമ്പിന്റെ തല. ആറരമണിക്കൂര്‍ നീണ്ട ആശങ്കക്കൊടുവില്‍ പത്തരയോടെ പാമ്പിനെ പിടികൂടി. രണ്ടര അടി നീളമുള്ള പാമ്പ് വലയിലായതോടെ ആശ്വാസമായെന്ന് ശരത് പറഞ്ഞു. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഒന്നു മാത്രമാണ് പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ശരത് കൂട്ടിച്ചേര്‍ത്തു. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios