Asianet News MalayalamAsianet News Malayalam

'ശബരിമല തീർത്ഥാടക സംഘത്തിലെ 9 വയസുകാരി ബസിൽ ഉറങ്ങി പോയി, അറിയാതെ പമ്പയിലിറങ്ങി രക്ഷിതാക്കൾ'; രക്ഷകരായി എംവിഡി

ശബരിമല ദര്‍ശനത്തിന് എത്തിയ തമിഴ്‌നാട് തീര്‍ത്ഥാടക സംഘത്തിലെ ഒന്‍പതുവയസുകാരിക്കാണ് എംവിഡി രക്ഷകരായത്.

sabarimala mvd rescued girl who fell asleep in the bus joy
Author
First Published Nov 22, 2023, 7:32 PM IST

പത്തനംതിട്ട: ബസില്‍ ഉറങ്ങി പോയ ശബരിമല തീര്‍ത്ഥാടക സംഘത്തിലെ ഒന്‍പതുവയസുകാരിക്ക് രക്ഷകരായി മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍. ശബരിമല ദര്‍ശനത്തിന് എത്തിയ തമിഴ്‌നാട് തീര്‍ത്ഥാടക സംഘത്തിലെ ഒന്‍പതുവയസുകാരിക്കാണ് എംവിഡി രക്ഷകരായത്. കുഞ്ഞ് ബസില്‍ ഉറങ്ങുന്നത് അറിയാതെ പമ്പയില്‍ ഇറങ്ങിയ തീര്‍ത്ഥാടകര്‍ വാഹനം വിട്ട് പോയതിനു ശേഷമാണ് കുട്ടിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ബസ് പമ്പയില്‍ നിന്നും നിലക്കലിലേക്ക് യാത്ര തിരിച്ചിരുന്നു. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. വിവരം അറിഞ്ഞ് പെട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ അട്ടത്തോട് വച്ച് സംശയം തോന്നി ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ കണ്ടെത്തിയത്. ശബരിമലയില്‍ എത്തുന്നവര്‍ കുഞ്ഞുങ്ങളെയും ബന്ധുക്കളെയും കൂട്ടം തെറ്റാതെയും ശ്രദ്ധയോടെയും സൂക്ഷിക്കണമെന്ന് എംവിഡി അറിയിച്ചു. 

സംഭവത്തെ കുറിച്ച് എംവിഡി കുറിപ്പ്: ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രപ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സില്‍ എത്തിയ തമിഴ് തീര്‍ത്ഥാടക സംഘത്തിലെ കുഞ്ഞ്മാളികപ്പുറം ബസ്സില്‍ ഉറങ്ങുന്നത് അറിയാതെ പമ്പയില്‍ ഇറങ്ങിയ തീര്‍ത്ഥാടകര്‍ വാഹനം വിട്ട് പോയതിനുശേഷമാണ് തങ്ങളുടെ കൂടെയുണ്ടായിരുന്ന കുട്ടിയെ കാണാനില്ല എന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ബസ്സ് പമ്പയില്‍ നിന്നും നിലക്കലിലേക്ക് യാത്ര തിരിച്ചിരുന്നു. കുട്ടിയെ നഷ്ടപ്പെട്ട വിവരം വയര്‍ലെസ്സിലൂടെ അറിഞ്ഞ, പെട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ എ എം വിമാരായിരുന്ന ജി അനില്‍കുമാറും ആര്‍ രാജേഷും ഉടന്‍ തന്നെ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും അട്ടത്തോട് വച്ച് സംശയം തോന്നി ബസ് തടഞ്ഞു പരിശോധന നടത്തിയതില്‍ പിന്നിലെ സീറ്റില്‍ സുഖ സുഷുപ്തിയില്‍ ആയിരുന്ന കുഞ്ഞു മാളികപ്പുറത്തെ കണ്ടെത്തി. ബസ്സില്‍ കുട്ടി ഉറങ്ങുന്നുണ്ടെന്ന് വിവരം അപ്പോഴും കണ്ടക്ടറോ ഡ്രൈവറോ തിരിച്ചറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.

കുട്ടിയെയും വാരിയെടുത്ത് തോളില്‍ ഇട്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ സ്വന്തം വാഹനത്തില്‍ കുട്ടിയെ സുരക്ഷിതയായി പമ്പയില്‍ ബന്ധുക്കളെ ഏല്‍പ്പിച്ചപ്പോള്‍ അയ്യപ്പസ്വാമിയുടെ കരുണ പ്രത്യക്ഷത്തില്‍ അനുഭവിച്ചറിഞ്ഞ ആശ്വാസത്തിലായിരുന്നു കുടുംബം. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ശബരിമലയില്‍ എത്തുന്നവര്‍ സ്വന്തം കുഞ്ഞുങ്ങളെയും ബന്ധുക്കളെയും കൂട്ടം തെറ്റാതെയും ശ്രദ്ധയോടെയും സൂക്ഷിക്കുക. സുരക്ഷിതമായ തീര്‍ത്ഥാടനമാകട്ടെ ലക്ഷ്യം.

ഒന്നും രണ്ടും സമ്മാനങ്ങള്‍ 20 കോടി; 23 കോടിപതികള്‍, എന്താണ് ലോട്ടറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടന? 

 

Latest Videos
Follow Us:
Download App:
  • android
  • ios