അങ്കണവാടിക്ക് നേരത്തേയുണ്ടായിരുന്ന നിറം മാറി കാവി നിറം കണ്ടതോടെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. 

ബാലരാമപുരം: അങ്കണവാടി (Anganwadi) കെട്ടിടത്തിന് കാവി (Saffron paint) നിറമടിച്ചത് വിവാദമാകുന്നു. ബാലരാമപുരം പള്ളിച്ചല്‍ പഞ്ചായത്തിലെ ഇടയ്‌ക്കോട് അങ്കണവാടി കെട്ടിടത്തിനാണ് കാവി നിറമടിച്ചത്. ഫെബ്രുവരി 14നാണ് സംഭവം. ബി.ജെ.പി പഞ്ചായത്തംഗത്തിന്റെ (BJP Pamchayat member) അറിവോടെയാണ് രാത്രിയില്‍ അങ്കണവാടിക്ക് കാവി നിറം നല്‍കിയെന്നാണ് സിപിഎം (CPM) ആരോപിച്ചു. അങ്കണവാടിക്ക് നേരത്തേയുണ്ടായിരുന്ന നിറം മാറി കാവി നിറം കണ്ടതോടെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്.

അങ്കണവാടി കെട്ടിടത്തിന് പെയിന്റടിക്കാന്‍ പണമില്ലാത്തതിനാല്‍ സ്‌പോണ്‍സര്‍മാര്‍ നല്‍കിയ പെയിന്റാണ് അടിച്ചതെന്ന് പഞ്ചായത്തംഗം കവിത പറഞ്ഞു. മൂന്ന് നിറത്തിലുള്ള പെയിന്റുകള്‍ കിട്ടി. പെയിന്റടി പൂര്‍ത്തിയായിട്ടില്ല. ഇനി കുട്ടികളെ ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വരക്കണമെന്നും അവര്‍ പറഞ്ഞു. അങ്കണവാടിക്ക് കാവി നിറമടിച്ചതുമായി ബന്ധപ്പെട്ട വിഷയം പഞ്ചായത്ത് യോഗത്തില്‍ ചര്‍ച്ചചെയ്‌തെന്നും കെട്ടിടത്തിനു കാവി നിറം മാറ്റി പുതിയ നിറം നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി മല്ലിക പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. അങ്കണവാടി കെട്ടിടം കൈയേറി കാവി നിറം അടിച്ച സംഭവം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

 ജീവിതം ദേവിക്ക് സമര്‍പ്പിച്ചു; ചോറ്റാനിക്കര ക്ഷേത്രത്തിന് 60 സെന്റ് സ്ഥലം കൈമാറി ഭക്ത

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവിക്ക് (Chotanikkara devi) 60 സെന്റ് സ്ഥലം കാണിക്കയായി സമര്‍പ്പിച്ച് ഭക്ത. ചേര്‍ത്തല സ്വദേശിനി ശാന്ത എല്‍. പിള്ളയാണു (Santha L Pillai) മരണ ശേഷം തന്റെ പേരിലുള്ള ചേര്‍ത്തല പള്ളിപ്പുറത്തെ 60 സെന്റ് സ്ഥലം സ്ഥലം ദേവിക്കു കാണിക്കയായി നല്‍കിയത്. ഒരു മാസം മുമ്പ് ശാന്ത മരിച്ചു. ചോറ്റാനിക്കര ഉത്സവത്തിന്റെ പൂരം നാളായ ഇന്നലെ സഹോദരി ലക്ഷ്മി പി. പിള്ള ക്ഷേത്രത്തിലെത്തി വില്‍പത്രം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാറിനു കൈമാറി.

20 വര്‍ഷത്തോളം ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ സൗജന്യമായി സേവനം ചെയ്ത ഭക്തയായിരുന്നു ശാന്ത. ഏക മകന്‍ മരിച്ചതോടെ ശാന്തയും ഭര്‍ത്താവും ചോറ്റാനിക്കരയിലേക്കു താമസം മാറി. പിന്നീട് മുഴുവന്‍ സമയവും ക്ഷേത്ര കാര്യങ്ങളുമായി ജീവിച്ചു. ഭര്‍ത്താവ് മരിച്ചതിന് ശേഷവും ശാന്ത ക്ഷേത്രത്തില്‍ തുടര്‍ന്നു. ശാരീരിക അവശതകള്‍ അലട്ടിയതോടെ സഹോദരിയുടെ വീട്ടിലേക്കു താമസം മാറി. അസുഖബാധിതയായി കിടന്നപ്പോഴാണ് തന്റെ പേരിലുള്ള സ്ഥലം ദേവിക്കു സമര്‍പ്പിക്കാന്‍ വില്‍പത്രം എഴുതിയത്. 

ദേവസ്വം ബോര്‍ഡ് അംഗം വി.കെ. അയ്യപ്പന്‍, കമ്മിഷണര്‍ എന്‍. ജ്യോതി, അസി. കമ്മിഷണര്‍ ബിജു ആര്‍. പിള്ള, മാനേജര്‍ എം.ജി. യഹുലദാസ് എന്നിവരും വില്‍പത്രം കൈമാറുന്ന ചടങ്ങില്‍ പങ്കെടുത്തു.