1961 -ൽ സൈനബയ‌്ക്ക‌് 18 വയസുള്ളപ്പോഴായിരുന്നു വിവാഹം. എട്ട‌് വർഷം ഒരുമിച്ച‌് ജീവിച്ചു. 1969 -ൽ കുഞ്ഞാലിയെ കോൺഗ്രസുകാർ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. 


കോഴിക്കോട‌് : കമ്യൂണിസ‌്റ്റ‌് നേതാവും നിലമ്പൂർ എംഎൽഎയുമായിരുന്ന രക്തസാക്ഷി കെ. കുഞ്ഞാലിയുടെ ഭാര്യ സൈനബ (75) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എരഞ്ഞിപ്പാലം സ‌്കൈലൈൻ മെഡോസ‌് വില്ലയിലുള്ള മകളുടെ വീട്ടിലെത്തിച്ച മൃതദേഹം ശനിയാഴ‌്ച രാത്രി കണ്ണംപറമ്പ‌് കബർസ്ഥാനിൽ കബറടക്കി. 

അന്തരിച്ച നാടകാചാര്യൻ കെ ടി മുഹമ്മദിന്‍റെ ഇളയ സഹോദരിയാണ‌്. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്ന കുഞ്ഞാലി സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്നു. 1961 -ൽ സൈനബയ‌്ക്ക‌് 18 വയസുള്ളപ്പോഴായിരുന്നു വിവാഹം. എട്ട‌് വർഷം ഒരുമിച്ച‌് ജീവിച്ചു. 1969 -ൽ കുഞ്ഞാലിയെ കോൺഗ്രസുകാർ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. 

1980 -ൽ നിലമ്പൂരിൽ നിന്ന്‌ ഇവർ കോഴിക്കോട്ടേയ്‌ക്ക്‌ താമസം മാറ്റി. അന്നുമുതൽ മകൻ അഷ‌്റഫിന്‍റെ ആഴ‌്ചവട്ടത്തുള്ള വീട്ടിലായിരുന്നു താമസം. മറ്റു മക്കൾ: സറീന(എരഞ്ഞിപ്പാലം), നിഷാദ‌്, ഹസീന(ദുബായ‌്). മരുമക്കൾ: സെമീന(ആഴ‌്‌വട്ടം), റിയാസുദ്ധീൻ(എരഞ്ഞിപ്പാലം), മെഹബൂബ‌്(മാനേജർ, കേരള ഗ്രാമീൺ ബാങ്ക‌്, നിലമ്പൂർ), നജീബ‌്(ദുബായ‌്). മറ്റു സഹോദരങ്ങൾ: പ്രശസ‌്ത നാടകകൃത്ത‌് പരേതനായ പി എം താജിന്‍റെ ഉമ്മ ആസ്യ, പരേതരായ നാടക പ്രവർത്തകൻ കെ ടി സെയ‌്ത‌്, കദീജ, നബീസ, കദീസു, സൈന. 

സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ കുടുംബത്തെ ഫോണിൽ വിളിച്ച‌് അനുശോചനം അറിയിച്ചു. നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ, മുതിർന്ന സിപിഐ എം നേതാവ‌് പാലോളി മുഹമ്മദ‌്കുട്ടി, മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ‌്, കോഴിക്കോട‌് ജില്ലാ സെക്രട്ടറി പി മോഹനൻ, എളമരം കരീം എംപി എന്നിവർ അനുശോചിച്ചു.