കോഴിക്കോട്: ഫുട്ബോള്‍ പ്ലെയേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓള്‍ കേരള കിഡ്‌സ് ഫുട്ബാള്‍ ഫെസ്റ്റ് ഫൈനല്‍ മത്സരത്തില്‍  സാക്ക് കല്ലായി മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് കെഎഫ്ടിസിയെ പരാജയപ്പെടുത്തി.

സഹനും ഹാരിസും ഹാരിഷും ഇരട്ട ഗോളുകളകള്‍ നേടിയപ്പോള്‍ ജസന്‍ ഒരു ഗോള്‍ സ്വന്തമാക്കി. കെഎഫ്ടിസിക്ക് വേണ്ടി അദ്‌നാന്‍  മുഹമ്മദ് മൂന്ന് ഗോളുകളും നേടി. നേരത്തെ നടന്ന സെമിഫൈനലില്‍ വി.പി. സത്യന്‍ സോക്കര്‍ സ്‌കൂളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാക്ക് ഫൈനലിലെത്തിയത്.

രണ്ടാംസെമിയില്‍ കെഎഫ്ടിസി നാല്‌ ഗോളുകള്‍ക്ക്  യൂണിവേഴ്‌സല്‍ സോക്കര്‍ അക്കാദമിയെ പരാജയപ്പെടുത്തി കലാശ പോരാട്ടത്തിലേക്ക് യോഗ്യത നേടി. ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനും ടോപ്‌ സ്‌കോററുമായി കല്ലായ് സാക്കിന്റെ സഹനും ഗോള്‍ കീപ്പറായി വി.പി. സത്യന്‍ സോക്കര്‍ സ്‌കൂളിലെ അലനും തെരഞ്ഞെടുക്കപ്പെട്ടു.

സമാപന ചടങ്ങില്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എംസി അനില്‍കുമാര്‍, സ്റ്റൈലോ ചപ്പല്‍സ് എംഡി സി.പി. അബൂബക്കര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഫുട്ബാള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. കെ ബാലകൃഷ്ണന്‍, ടി റിയാസ്. കെ ബി അമര്‍നാഥ് എന്നിവര്‍ പ്രസംഗിച്ചു.