'അജയ്യനായ വിദ്യാര്‍ത്ഥിനേതാവിന് ഒരു വോട്ട്' എന്നായിരുന്നു അന്നത്തെ പ്രധാന മുദ്രാവാക്യം. ആ പോസ്റ്റര്‍ മൂന്നര പതിറ്റാണ്ടിന് ഇപ്പുറം വീണ്ടും കയ്യിലെത്തിയത് ഈ ചൂടുപിടിച്ച തെരഞ്ഞെടുപ്പുകാലത്തെ മറ്റൊരു കൗതുകമെന്ന് വിജയരാഘവൻ ഫേസ്ബുക്കില്‍ കുറിച്ചു.
പാലക്കാട്: 35 വര്‍ഷം മുന്‍പ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ചതിന്‍റെ ഓര്‍മ്മ പങ്കുവെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ വിജയരാഘവൻ. 'അജയ്യനായ വിദ്യാര്‍ത്ഥിനേതാവിന് ഒരു വോട്ട്' എന്നായിരുന്നു അന്നത്തെ പ്രധാന മുദ്രാവാക്യം. ആ പോസ്റ്റര്‍ മൂന്നര പതിറ്റാണ്ടിന് ഇപ്പുറം വീണ്ടും കയ്യിലെത്തിയത് ഈ ചൂടുപിടിച്ച തെരഞ്ഞെടുപ്പുകാലത്തെ മറ്റൊരു കൗതുകമെന്ന് വിജയരാഘവൻ ഫേസ്ബുക്കില്‍ കുറിച്ചു.
സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ മണ്ണൂര്‍ മേലേപ്പറമ്പിലെ സ്വീകരണകേന്ദ്രത്തില്‍ വച്ചാണ് ഓര്‍മ്മകളിലേക്കുള്ള ഈ താക്കോല്‍ ലഭിച്ചത്. റിട്ടയേഡ് അധ്യാപകനായ മണ്ണൂര്‍ കിഴക്കുമ്പുറം പുന്നേക്കാട്ടുമനയില്‍ പി എന്‍ സത്യജിത് അദ്ദേഹത്തിന്റെ ശേഖരത്തില്‍ നിന്ന് ഈ പോസ്റ്റര്‍ പങ്കുവയ്ക്കുകയായിരുന്നു. 1989ല്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ലെനിന്‍ രാജേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി ബൂത്ത് പ്രവര്‍ത്തനത്തിലായിരുന്ന സത്യജിത് തൊട്ടടുത്ത മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന തന്‍റെ പോസ്റ്റര്‍ സൂക്ഷിച്ചുവയ്ക്കുകയായിരുന്നുവെന്ന് വിജയരാഘവൻ പറഞ്ഞു.
സത്യജിത്തിന്റെ ശേഖരത്തില്‍ ഇനിയുമുണ്ട് ഒട്ടനവധി ചരിത്രരേഖകള്‍. 1971ലെ എകെജിയുടെ മോഡല്‍ ബാലറ്റ്, സി കെ ചക്രപാണിയുടെ പ്രചാരണ നോട്ടീസുകള്‍, തൃക്കുളം കൃഷ്ണന്‍കുട്ടിയുടെ കഥാപ്രസംഗ അവതരണ നോട്ടീസ്, 1964ല്‍ ഇ എം എസും പി രാമമൂര്‍ത്തിയും പ്രസംഗിക്കുന്ന യോഗത്തിന്റെ നോട്ടീസ്, മുണ്ടൂരില്‍ കെ ആര്‍ ഗൗരിയമ്മ പ്രസംഗിക്കാനെത്തിയപ്പോള്‍ പുറത്തിറങ്ങിയ നോട്ടീസ് എന്നിങ്ങനെ വിവിധ കാലങ്ങളിലെ പൊതുജീവിതത്തിന്റെ അടയാളങ്ങള്‍ നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. കാലത്തിന്റെ കയ്യെഴുത്ത് പതിഞ്ഞ ഈ പോസ്റ്റര്‍ കയ്യിലെത്തിയപ്പോള്‍ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്‍റ് ആയിരുന്ന ആ കാലവും അന്നത്തെ സഖാക്കളുമെല്ലാം മനസില്‍ ഓടിയെത്തി. ഒപ്പം, അന്നത്തെ പാലക്കാടിന്റെ സ്‌നേഹവുമെന്നും വിജയരാഘവൻ കൂട്ടിച്ചേര്‍ത്തു.
