സംഭവം കണ്ടുകൊണ്ട് ഇതുവഴി വന്ന ടെമ്പോ ട്രാവലറിലെ ഡ്രൈവര്‍ തുടരെ ഹോണ്‍മുഴക്കി നായയെ ഭയപ്പെടുത്തിയത് കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. 

കോഴിക്കോട്: ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മദ്രസ വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണമുണ്ടായ അതേ സ്ഥലത്ത് വീണ്ടും തെരുവുനായ ആക്രമണം. സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് നേരെയാണ് ഇത്തവണ തെരുവുനായ ചീറിയടുത്തത്. നാദാപുരം പാറക്കടവിലാണ് നാട്ടുകാരെ മുഴുവന്‍ ഭീതിയിലാഴ്ത്തിക്കൊണ്ട് ദിവസങ്ങള്‍ക്കിടെ ഒരേ സ്ഥലത്ത് തെരുവ് നായ ആക്രമണമുണ്ടായത്. 

ഇന്ന് രാവിലെയാണ് മാവിലാട്ട് അലിയുടെ മകന്‍ മുഹമ്മദ് സയാന്റെ നേരെ തെരുവ് നായ ഓടിയടുത്തത്. സ്‌കൂളിലേക്ക് പോകാനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന കുട്ടിക്ക് നേരെ തെരുവ് നായ പാഞ്ഞടുക്കുകയായിരുന്നു. സംഭവം കണ്ടുകൊണ്ട് ഇതുവഴി വന്ന ടെമ്പോ ട്രാവലറിലെ ഡ്രൈവര്‍ തുടരെ ഹോണ്‍മുഴക്കി നായയെ ഭയപ്പെടുത്തിയത് കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. 

മദ്രസയിൽ നിന്നും തിരികെ വരികയായിരുന്ന കുട്ടിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷ തലനാരിഴയ്ക്ക്; വീഡിയോ

ഭയന്ന് ഓടുന്നതിനിടയില്‍ വീണു പോയ സയാന് നിസ്സാര പരിക്കേറ്റു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇതേ സ്ഥലത്ത് മദ്രസ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി തെരുവുനായ ആക്രമണത്തിന് ഇരയായത്. സമീപവാസിയായ വീട്ടമ്മയുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് അന്ന് പെണ്‍കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. തെരുവ് നായ ശല്യത്തിനെതിരേ അധികൃതര്‍ കൃത്യമായ ഇടപെടല്‍ നടത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം