അര്‍ദ്ധരാത്രിയോ മറ്റോ ശക്തമായ മഴയുണ്ടായാല്‍ മണ്ണ് ഒലിച്ച് സമീപത്തെ വീടുകളിലേക്ക് എത്തുമോ എന്നതാണ് ജനങ്ങളുടെ പേടി. കോളേജിന്റെ മൂന്നാം ബ്ലോക്ക് കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടിയാണ് വന്‍തോതില്‍ മണ്ണെടുത്തിരിക്കുന്നത്. ഇത് കുന്നുപോലെ കൂട്ടിയിട്ടിട്ട് മാസങ്ങളായി. മഴവെള്ളത്തോടൊപ്പം ഇളകിയ മണ്ണ് വേഗത്തില്‍ ഒലിച്ചിറങ്ങുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.  

കല്‍പ്പറ്റ: പ്രദേശവാസികള്‍ക്ക് ആശങ്കയായി തലപ്പുഴ തലപ്പുഴ എന്‍ജിനീയറിംങ് കോളേജ് പരിസരത്തെ മൺകൂന. കെട്ടിടനിര്‍മാണത്തിനിടെ കോളേജ് പരിസരത്ത് കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യാത്തതാണ് കാരണം. അര്‍ദ്ധരാത്രിയോ മറ്റോ ശക്തമായ മഴയുണ്ടായാല്‍ മണ്ണ് ഒലിച്ച് സമീപത്തെ വീടുകളിലേക്ക് എത്തുമോ എന്നതാണ് ജനങ്ങളുടെ പേടി. കോളേജിന്റെ മൂന്നാം ബ്ലോക്ക് കെട്ടിടം നിര്‍മിക്കുന്നതിന് വേണ്ടിയാണ് വന്‍തോതില്‍ മണ്ണെടുത്തിരിക്കുന്നത്. ഇത് കുന്നുപോലെ കൂട്ടിയിട്ടിട്ട് മാസങ്ങളായി. മഴവെള്ളത്തോടൊപ്പം ഇളകിയ മണ്ണ് വേഗത്തില്‍ ഒലിച്ചിറങ്ങുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

കോളേജ് കുന്നിന്‍ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. താഴെ പരിസരത്താകട്ടെ നിരവധി വീടുകളുമുണ്ട്. 2018 ലെ പ്രളയകാലത്ത് തലപ്പുഴ എന്‍ജീനീയറിങ്ങ് കോളേജിന് മുമ്പിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.കോളേജിന് ഒരുവശത്തുകൂടി കെട്ടിടത്തിന് പിന്‍ഭാഗത്ത് നിന്നായി വലിയ തോതില്‍ മണ്ണിടിഞ്ഞ് മാനന്തവാടി-തലശ്ശേരി റോഡിലെത്തുകയായിരുന്നു. പകല്‍സമയമായത് കൊണ്ടും വാഹനങ്ങള്‍ കുറവായതിനാലും തലനാരിഴക്കാണ് വന്‍ദുരന്തമൊഴിവായത്. 

സമാന രീതിയിലുള്ള അപകടമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ നാട്ടുകാരുള്ളത്. 2018-ലെയും 19ലെയും പ്രളയകാലത്ത് ഈ വീടുകളില്‍ പലതും തകര്‍ന്നിരുന്നു. അവയെല്ലാം പുതുക്കി പണിതെങ്കിലും താഴ്ന്ന പ്രദേശമായതിനാല്‍ അപകടഭീഷണി നിലനില്‍ക്കുകയാണ്. മണ്‍കൂനക്ക് സമീപമായി തന്നെ കോളേജിന്റെ ഒന്നും രണ്ടും ബ്ലോക്ക് കെട്ടിടങ്ങളുമുണ്ട്.2018 ലെ പ്രളയസമയത്തെ പോലെ മണ്ണ് ഒലിച്ചിറങ്ങിയാല്‍ വലിയ അപകടമായിരിക്കും ഉണ്ടാകുക. അന്ന് മാനന്തവാടി-തലശ്ശേരി റോഡില്‍ കുന്നു കൂടി കിടന്ന ചെളിമണ്ണ് ജെ.സി.ബി ഉപയോഗിച്ച് മണിക്കൂറുകള്‍ എടുത്താണ് നീക്കം ചെയ്തത്. 

ചെറിയ മഴക്ക് തന്നെ മണ്‍കൂനക്ക് ഇളക്കം സംഭവിച്ചതായി നാട്ടുകാര്‍ പറയുന്നു. പരിസരവാസികള്‍ പലതവണ ആവശ്യപ്പെട്ടിട്ടും മണ്‍കൂന മാറ്റാന്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തംഗം പി.എസ്. മുരുകേശന്‍ പ്രതികരിച്ചു. എന്നാല്‍ മണ്‍കൂന നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയതായി കോളേജ് അധികൃതര്‍ അറിയിച്ചു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona