തിരുവനന്തപുരം: ന്യായവിലയ്ക്ക് മണൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ സര്‍ക്കാരിന്‍റെ വനശ്രീ വില്‍പന കേന്ദ്രത്തില്‍ മണലിന് തീവില. ധനവകുപ്പ് അശാസ്ത്രീയമായി വില നിര്‍ണയിച്ചതാണ് തിരിച്ചടിയായത്. സാധാരണക്കാര്‍ക്ക് ന്യായവിലയ്ക്ക് മണലും നിര്‍മ്മാണ സാധനങ്ങളും കിട്ടുന്നതിനാണ് കൊല്ലം കുളത്തൂപ്പുഴയിൽ വനശ്രീ പദ്ധതി തുടങ്ങിയത്.

അഞ്ച് ക്യൂബിക് മീറ്റര്‍ മണല്‍ അടങ്ങുന്ന ഒരു ലോഡിന് 22250 രൂപയാണ് ഇവിടെ ഈടാക്കുന്നത്. ലൈഫ് പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണത്തിനാണെങ്കിൽ 12250 രൂപയ്ക്ക് ഒരു ലോഡ് മണൽ ലഭ്യമാക്കും. വാഹന വാടകയും കയറ്റിറക്ക് കൂലിയും അപേക്ഷകര്‍ തന്നെ നല്‍കണം. എന്നാൽ ഇതിലും കുറഞ്ഞ ചെലവില്‍ സ്വകാര്യ മേഖലയില്‍ നിന്ന് മണൽ കിട്ടുന്നുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. ഇക്കാരണത്താൽ സാധാരണക്കാര്‍ വനശ്രീകേന്ദ്രത്തെ കയ്യൊഴിഞ്ഞിരിക്കുകയാണ്. 

വില്‍പന കുറഞ്ഞതോടെ കടവുകളില്‍ വാരി സൂക്ഷിച്ചിരിക്കുന്ന മണൽ യാര്‍ഡിലേക്ക് മാറ്റാനാകുന്നില്ല. മഴ ശക്തമായതോടെ മണല്‍ ഒലിച്ചുപോകുന്നുമുണ്ട്. വില്‍പന കുറഞ്ഞതോടെ മണല്‍വാരല്‍ തൊഴിലാളികൾക്കും കയറ്റിറക്ക് തൊഴിലാളികൾക്കും തൊഴിലും ഇല്ലാതായി. ആദ്യം നിര്‍മ്മിതിയുടെ കീഴില്‍ തുടങ്ങിയ പദ്ധതി പിന്നീട് വനംവകുപ്പ് ഏറ്റെടുക്കുകയായിരുന്നു. നിര്‍മ്മിതിയുടെ കീഴിലായിരുന്നപ്പോൾ ദിവസം 50ലോഡ് വരെ മണല്‍ വില്‍പന ഉണ്ടായിരുന്നു.