കോഴിക്കോട്: ഹാന്‍ഡ് സാനിറ്റൈസറിന് അമിത വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വടകര താലൂക്ക് പരിധിയിലെ വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ അധികൃതര്‍  പരിശോധന നടത്തി. സപ്ലൈ  ഓഫീസറും വടകര റേഷനിങ് ഇന്‍സ്‌പെക്ടറും അടങ്ങിയ സ്‌ക്വാഡ് ആണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. സര്‍ക്കാര്‍ നിര്‍ദേശിച്ചതിലും കൂടുതല്‍ തുക ഈടാക്കുന്നതായി  കണ്ടെത്തി.

വില കുറപ്പിച്ചതിന് അമിത വില ഈടാക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിക്കുകയും ചെയ്തു. സാനിറ്റൈസര്‍ ആവശ്യത്തിന് ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചു. പരിശോധന തുടരുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൊവിഡ് - 19 പ്രതിരോധ നടപടികളുടെ പശ്ചാത്തലത്തില്‍ പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വിലകൂട്ടി അമിത ലാഭം എടുക്കരുതെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  

അദ്ദേഹത്തിന്റെ നേതൃത്വത്തില്‍  കൊയിലാണ്ടി ടൗണ്‍, കൊല്ലം ടൗണ്‍, കീഴരിയൂര്‍ പ്രദേശങ്ങളിലെ കടകളില്‍ പരിശോധന നടത്തി. നിത്യോപയോഗ സാധനങ്ങള്‍ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും  ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്നും അദ്ദേഹം അറിയിച്ചു.  അമിത വില ഈടാക്കരുതെന്ന് പച്ചക്കറി ചില്ലറ വില്‍പ്പനക്കാരോടും നിര്‍ദേശിച്ചിട്ടുണ്ട്.