തൃശൂര്‍: ഉണ്ണിയേശുവിനെ വരവേല്‍ക്കാനായി സന്തോഷിന്റെ കൈകളില്‍ ഫൈബര്‍ നക്ഷത്രങ്ങള്‍ തുടിക്കുകയാണ്. വീല്‍ചെയറിലെ ദുരിതപൂര്‍ണമായ നാളുകള്‍ക്കാണ് ആ നക്ഷത്രത്തിളക്കം സന്തോഷിന് വെളിച്ചമേകുന്നത്. കഠിനാധ്വാനിയായ എം.വി സന്തോഷ്‌ കുമാര്‍ തൊഴിലും പൊതുപ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നതിനിടെയാണ്, കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മരത്തില്‍നിന്ന് വീണ് അരയ്ക്ക് താഴെ സ്വാധീനമില്ലാതെ വീല്‍ചെയറില്‍ കഴിയേണ്ടിവന്നത്.

എറണാകുളത്ത് നിന്ന് ഹോള്‍സെയില്‍ വിലയില്‍ തൃശൂരിലേക്കെത്തുന്നതാണ് ഈ നക്ഷത്രങ്ങള്‍. തൃശൂരിലെ വ്യാപാരിയില്‍ നിന്ന് സന്തോഷിനരികിലേക്ക് ഇവയെത്തിക്കുന്നത് നക്ഷത്രത്തില്‍ എല്‍ഇഡി ബള്‍ബുകള്‍ ഘടിപ്പിക്കാനാണ്. ഒരു നക്ഷത്രത്തില്‍ 46 ബള്‍ബുകള്‍ ഘടിപ്പിക്കണം. ഒന്നിന് മൂന്ന് രൂപ കിട്ടും. ഉള്ള ആരോഗ്യം കൊണ്ട് ഒരു ദിവസം ശരാശരി 40 നക്ഷത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കാനാവുന്നുണ്ടെന്ന് സന്തോഷ് പറയുന്നു. ഡിസംബര്‍ പകുതിയോടെ നക്ഷത്രത്തില്‍ നിന്നുള്ള വരുമാനം നിലയ്ക്കും. പുതുവത്സരത്തിന് കൂടി വിപണിയില്‍ ആവശ്യം വരുന്ന മുറയ്ക്ക് ഒരു പക്ഷേ ജോലികള്‍ ജനുവരിയിലേക്കും കടന്നേക്കാമെന്ന പ്രതീക്ഷയുമുണ്ട് ഈ ചെറുപ്പക്കാരന്.

ആരോഗ്യമുള്ള കാലത്തും സന്തോഷിന്റെ ജീവിതയാത്ര ദുരിതം നിറഞ്ഞതായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിനിടയിലും വിവിധങ്ങളായ തൊഴില്‍ ചെയ്താണ് ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങിയ കുടുംബത്തെ പോറ്റിയത്. സന്തോഷിന്റെ വീഴ്ച കുടുംബത്തിന്റെയും കണ്ണീരിന് കാരണമായി. ദീര്‍ഘനാളത്തെ ചികിത്സ യുവജന പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സഹായത്തോടെ നടന്നു. കഴിഞ്ഞ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ചെലവ് കുറച്ച് തയ്യാറാക്കിയ 14 മണ്ഡലങ്ങളിലും ഓരോ നിര്‍ധന കുടുംബത്തിന് ഒരു വീട് എന്ന സി.അച്യുതമേനോന്‍ പദ്ധതിയില്‍ ആദ്യത്തേത് സന്തോഷിനാണ് നിര്‍മ്മിച്ച് നല്‍കിയത്.

സ്വര്‍ണ്ണാഭരണ വിതരണ മേഖലയില്‍, ബാഗ് നിര്‍മ്മാണ രംഗത്ത്, വിവിധ സ്വകാര്യ കമ്പനികളില്‍ ജീവനക്കാരനായും ജീവിതം കരുപ്പിടിപ്പിക്കുവാന്‍ ഒരുപാട് ഓടി നടന്നു. ഇതിനിടയിലെല്ലാം നാടിന്റെയും നാട്ടുകാരുടെയും നൂറായിരം പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കാനും കഷ്ടപ്പെട്ടു. ഒടുവില്‍ മിച്ചമായത് സാമ്പത്തിക പ്രയാസങ്ങളും ജീവിതദുരിതങ്ങളും. ആകെയുള്ള ആശ്വാസം സജീവമായ സംഘടനാ പ്രവര്‍ത്തനങ്ങളായിരുന്നുവെന്നാണ് എപ്പോഴും സന്തോഷ് പറഞ്ഞിരുന്നത്.

ഒരു പക്ഷേ, ആ പ്രവര്‍ത്തന മികവാകാം സന്തോഷിനെ യുവജനപ്രസ്ഥാനത്തിന്റെ ജില്ലയിലെ പ്രമുഖ നേതാവാക്കി മാറ്റിയത്. അപ്രതീക്ഷിതമായാണ് അപകടം കഠിനാദ്ധ്വനിയായ യുവാവിന്‍റെ ശരീരത്തെ തളര്‍ത്തിയെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ അത്യാഹിതത്തിന്റെ മുന്നില്‍ മനസ് തളര്‍ന്നില്ല. വീല്‍ചെയറിലിരുന്നായാലും അധ്വാനമെന്ന ശീലം കൈവെടിയാനില്ലെന്ന നിശ്ചയധാര്‍ഢ്യമാണ് സന്തോഷിനെ നയിക്കുന്നത്.