Asianet News MalayalamAsianet News Malayalam

മുതലാളീ... ചങ്ക ചക ചക! തീരത്തേക്ക് അടിച്ച് കയറി നമ്മുടെ മത്തി; കൂട്ടത്തോടെ പെറുക്കിക്കൂട്ടി ആളുകള്‍

രാവിലെ കടപ്പുറത്തെത്തിയവരാണ് ചാകര ആദ്യം കണ്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതൽ ആളുകളെത്തി മത്സ്യം കൊണ്ടു പോവുകയാണ്.

sardine fish chakara in thrissur
Author
First Published Sep 11, 2022, 2:07 PM IST

തൃശൂര്‍: വാടാനപ്പള്ളി കടപ്പുറത്ത് മത്തി ചാകര. പൊക്കാഞ്ചേരി ബീച്ചിൽ രാവിലെ ആറോടെയാണ് കരയിലേക്ക് വൻ തോതിൽ മത്തി തിരമാലയോടൊപ്പം അടിച്ചു കയറിയത്. രാവിലെ കടപ്പുറത്തെത്തിയവരാണ് ചാകര ആദ്യം കണ്ടത്. ഇതോടെ നാട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതൽ ആളുകളെത്തി മത്സ്യം കൊണ്ടു പോവുകയാണ്.

ഇപ്പോഴും ചാകര തുടരുകയാണ്. തിരമാലയോടൊപ്പം തീരത്തേക്ക് മത്സ്യങ്ങള്‍ അടിച്ചുകയറുകയാണ്. നിരവധിയാളുകൾ ഇപ്പോഴും കടപ്പുറത്തെത്തുന്നുണ്ട്. അതേസമയം, കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കാണാതായി തുടങ്ങിയ നെയ്മത്തി വീണ്ടും കേരള തീരത്ത് തിരിച്ചെത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആഗോള താപനത്തെ തുടര്‍ന്ന് കടല്‍ ചൂടുപിടിക്കുന്നത് ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ 2014 മുതല്‍ നെയ്മത്തിയുടെ ലഭ്യത കേരള തീരത്ത് വന്‍ തോതില്‍ കുറഞ്ഞു വരികയായിരുന്നു. നെയ് മത്തി പൂര്‍ണമായും അപ്രത്യക്ഷമാവുമോ എന്ന വിധത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. 
അതിനിടെയാണ്, കേരള തീരത്തേക്ക് നെയ്മത്തി തിരിച്ചെത്തിയെന്നുള്ള വാര്‍ത്തകള്‍. ഇക്കഴിഞ്ഞ ജൂലൈ മാസം മുതല്‍ ആണ് നെയ്മത്തിയുടെ കുഞ്ഞുങ്ങള്‍ തീരപ്രദേശങ്ങളില്‍ കണ്ടു തുടങ്ങിയത്. എന്നാല്‍ ഈ കുഞ്ഞുങ്ങളെ വന്‍തോതില്‍ പിടിക്കുന്ന സാഹചര്യമുണ്ട്.

ഇത് ഈ ഇനം മല്‍സ്യങ്ങളുടെ അതിജീവനം തന്നെ പ്രതിസന്ധിയിലാക്കുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിവേചനരഹിതമായ മത്സ്യ ബന്ധനമാണ് വെല്ലുവിളിയായി മാറിയിരിക്കുന്നത്. രണ്ട് മാസത്തിനിടെ സംസ്ഥാനത്തുടനീളം നെയ്മത്തി കണ്ടുവരുന്നുണ്ട്. എന്നാല്‍, ഇവയിലേറെയും കുഞ്ഞുമത്തികളാണ്. കുഞ്ഞു മല്‍സ്യങ്ങളെ പിടിക്കുന്നത് അവയുടെ പ്രത്യുല്‍പ്പാദന നിരക്ക് കുറയ്ക്കാനും വംശവര്‍ദ്ധന ഇല്ലാതാക്കാനും  ഇടയാക്കും. 2012-ല്‍ 3.9 ലക്ഷം ടണ്‍ നെയ് മത്തിയാണ് സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ പിടികൂടിയത്. 2021-ല്‍ ഇത് 3,297 ടണ്ണായി കുറഞ്ഞു. വിവേചന രഹിതമായ വിധത്തില്‍ കുഞ്ഞുമീനുകളെ പിടിക്കുന്നത് തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്.

നെയ് മത്തി കേരള തീരത്തേക്ക് തിരിച്ചെത്തുന്നു, പക്ഷേ...!

Follow Us:
Download App:
  • android
  • ios