'എന്‍റെ കണ്‍മുമ്പിന്‍ നിന്നാണ് അവനെ മലവെള്ളം കൊണ്ടുപോയത്'. ഇത് പറയുമ്പോഴും, മകന്റെ പ്രായമുള്ള യുവാവിനെ തൊട്ടു മുമ്പില്‍ നിന്ന് മരണം കൊണ്ടുപോയതിന്റെ ഞെട്ടല്‍ മട്ടിക്കന്ന് വേങ്കാട്ടില്‍ സരോജിനിയുടെ മുഖത്ത് നിന്ന് മാഞ്ഞിട്ടില്ല. പുതുപ്പാടി മട്ടിക്കുന്നില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ച റിജിത്ത് സരോജിനിയുടെ തൊട്ടുമുമ്പില്‍ വെച്ചാണ് ബുധനാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്.
കോഴിക്കോട്: 'എന്‍റെ കണ്‍മുമ്പിന്‍ നിന്നാണ് അവനെ മലവെള്ളം കൊണ്ടുപോയത്'. ഇത് പറയുമ്പോഴും, മകന്റെ പ്രായമുള്ള യുവാവിനെ തൊട്ടു മുമ്പില്‍ നിന്ന് മരണം കൊണ്ടുപോയതിന്റെ ഞെട്ടല്‍ മട്ടിക്കന്ന് വേങ്കാട്ടില്‍ സരോജിനിയുടെ മുഖത്ത് നിന്ന് മാഞ്ഞിട്ടില്ല. പുതുപ്പാടി മട്ടിക്കുന്നില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ച റിജിത്ത് സരോജിനിയുടെ തൊട്ടുമുമ്പില്‍ വെച്ചാണ് ബുധനാഴ്ച രാത്രി അപകടത്തില്‍പ്പെട്ടത്.
വൈകിട്ട് ഏഴു മണിയോടെയാണ് എടുത്തവെച്ചകല്ല് വനഭൂമിയില്‍ ആദ്യം ചെറിയ തരത്തില്‍ ഉരുള്‍പൊട്ടലുണ്ടായത്. ഉടന്‍ തന്നെ നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് വീട്ടില്‍ നിന്ന് മാറി മട്ടിക്കുന്ന് പാലത്തിന് സമീപത്തേക്ക് പോരുകയായിരുന്നു സരോജിനിയും ഭര്‍ത്താവും മകന്‍ അഖിലേഷും. ഇതിനിടെയാണ് മട്ടിക്കുന്ന് പാലത്തിനടുത്ത് ഒരു കാര്‍ കണ്ട് അങ്ങോട്ട് പോയത്. അവിടെ പാലത്തില്‍ വെള്ളം കയറിയതറിഞ്ഞ് എത്തിയ റിജിത്തിനേയും സുഹൃത്ത് എഡ്വിനേയും കാണുന്നത്.
ശക്തമായ മലവെള്ള പാച്ചില്‍ വരുന്നത് മനസിലാക്കിയ പാലത്തിന് മറുകരയിലുള്ളവര്‍ മലവെള്ളം വരുന്നത് ടോര്‍ച്ച് തെളിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അഖിലേഷ് ഇരുവരേയും കൂട്ടി പോരാന്‍ ശ്രമിച്ചു. അഖിലേഷും എഡ്‌വിനും ഓടി മാറുകയായിരുന്നു. ഇതിനിടെ കാര്‍ മാറ്റുന്നതിനായി റിജിത്ത് കാറിലേക്ക് കയറുകയും പിന്നോട്ടെടുത്ത കാര്‍ ഒരു കല്ലില്‍ തട്ടി നില്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് കുതിച്ചെത്തിയ മലവെള്ള പാച്ചിലില്‍ റിജിത്തും കാറും ഒലിച്ചുപോവുകയായിരുന്നു. റിജിത്തിനെ രക്ഷിക്കാന്‍ പിന്നോട്ട് തന്നെ പോകാന്‍ ശ്രമിച്ച എഡ്‌വിനെ താന്‍ ഷര്‍ട്ട് കൂട്ടി പിടിച്ചു നിര്‍ത്തുകയായിരുന്നെന്ന് അഖിലേഷ് പറഞ്ഞു. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവില്‍ വ്യാഴാഴ്ച പകല്‍ പതിനൊന്നരയോടെ മണല്‍വയല്‍ വള്ള്യാട് ഭാഗത്ത് നിന്നാണ് റിജിത്തിന്റെ മൃതദേഹം കിട്ടിയത്.
