മണ്ണന്തലയിൽ അപകടം നാലഞ്ചിറ സെൻറ് ജോൺസ് സ്കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് അപകടത്തിൽ പെട്ടത്
തിരുവനന്തപുരം: മണ്ണന്തലയിൽ സ്കൂൾ ബസ്സ് കടയിലേക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുക്കോലയ്ക്കൽ സ്വദേശി സുകുമാരൻ നായരാണ് മരിച്ചത്.16 കുട്ടികളടക്കം 18 പേർക്ക് പരിക്കേറ്റു. ബ്രേക്ക് തകരാറായതാണ് അപകടത്തിന്‍റെ കാരണം
നാലഞ്ചിറ സെൻറ് ജോൺസ് സ്കൂളിലെ കുട്ടികളുമായി പോയ ബസ്സാണ് അപകടത്തിൽ പെട്ടത്. സ്കൂളിന്‍റെ ബസ് തകരാറായതിനാൽ സർവ്വോദയ സ്കൂളിൻറെ ബസ്സിലായിരുന്നു യാത്ര. കേരളാദിത്യപുരത്ത് വെച്ച് വൈകീട്ടായിരുന്നു അപകടം. കടയിലേക്ക് പാഞ്ഞുകയറിയ ബസ്സിൽ നിന്നും നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചെർന്നാണ് കുട്ടികളെയും ഡ്രൈവറെയും രക്ഷിച്ചത്.
മുമ്പും പലതവണ ഈ ബസ്സിന്‍റെ ബ്രേക്ക് തകരാറായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടികളും ഡ്രൈവറും പരിക്കേറ്റ എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .. കുട്ടികളിൽ ആർക്കും കാര്യമായ പരിക്കില്ല. അപകടത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പും പൊലീസും വിശദ അന്വേഷണം നടത്തും
