മലിനീകരണ പ്രശ്‌നപരിഹാരത്തിനായി ലക്ഷങ്ങളും കോടികളും അനുവദിച്ചുവെന്നൊക്കെ പ്രഖ്യാപനവും ഫ്‌ലെക്‌സ് ബോര്‍ഡുകളും ഉയര്‍ന്നെങ്കിലും ശാശ്വതമായ പരിഹാരം ഇനിയും നടപ്പായിട്ടില്ല. ഇപ്പോള്‍ വേനല്‍ കനത്ത തോടെ ദുര്‍ഗന്ധം രൂക്ഷമായിരിക്കുകയാണ്
അമ്പലപ്പുഴ: കാക്കാഴം കാപ്പിത്തോട്ടില്‍ മാലിന്യം മൂലം ദുര്‍ഗന്ധം രൂക്ഷമായി. ഇതിനെത്തുടര്‍ന്ന് സ്‌കൂള്‍ നേരത്തെ വിട്ടു. ഇന്ന് ഉച്ചക്ക് ശേഷമാണ് കാപ്പിത്തോട്ടിലെ ദുര്‍ഗന്ധം മൂലം കാക്കാഴം എസ് എന്‍ വി ടി ടി ഐയിലെ ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ നേരത്തെ വിട്ടത്. ഏതാനും വര്‍ഷം മുന്‍പ് കാപ്പിത്തോട്ടിലെ ദുര്‍ഗന്ധം ശ്വസിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും തലചുറ്റി വീണിരുന്നു. ഇത് കണക്കിലെടുത്താണ് സ്‌കൂള്‍ നേരത്തെ വിട്ടത്.
പതിറ്റാണ്ടുകളായി തുടരുന്ന കാപ്പിത്തോട്ടിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കാന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്ക് കഴിയാത്തതുമൂലം ഏറ്റവും കൂടുതല്‍ ദുരിതത്തിലായിരിക്കുന്നത് ഇവിടുത്തെ വിദ്യാര്‍ത്ഥികളാണ്. മലിനീകരണ പ്രശ്‌നപരിഹാരത്തിനായി ലക്ഷങ്ങളും കോടികളും അനുവദിച്ചുവെന്നൊക്കെ പ്രഖ്യാപനവും ഫ്‌ലെക്‌സ് ബോര്‍ഡുകളും ഉയര്‍ന്നെങ്കിലും ശാശ്വതമായ പരിഹാരം ഇനിയും നടപ്പായിട്ടില്ല. ഇപ്പോള്‍ വേനല്‍ കനത്ത തോടെ ദുര്‍ഗന്ധം രൂക്ഷമായിരിക്കുകയാണ്.
ദേശീയപാതയിലൂടെയും മൂക്കുപൊത്താതെ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. ദേശീയപാതക്ക് പടിഞ്ഞാറുവശം പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെ മധ്യത്തുകൂടെയാണ് മാലിന്യം വഹിച്ചുകൊണ്ട് കാപ്പിത്തോട് ഒഴുകുന്നത്. ഇത് ശ്വസിക്കുന്ന കൊച്ചു കുട്ടികള്‍ക്ക് വളരെയധികം അസ്വസ്ഥതയാണ് അനുഭവപ്പെടുന്നത്. കാപ്പിത്തോട്ടിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിനായി മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല.
