കുട്ടികള്‍ക്കെതിരായി സ്‌കൂളില്‍ പീഡനമോ അവകാശലംഘനമോ ഉണ്ടായാല്‍ നിയമ നടപടിക്ക് ഉത്തരവ് പുറപ്പെടുവിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കട്ടപ്പന: നരിയംപാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് പുനപ്രവേശനം നല്‍കാന്‍ ബാലാവകാശകമ്മീഷന്‍ ഉത്തരവ്. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോഡര്‍ (എഡിഎച്ച്ഡി) രോഗമുള്ള കുട്ടിയെ അച്ചടക്കമില്ലെന്ന കാരണം പറഞ്ഞാണ് സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് വിഷയം പരിശോധിച്ച കമ്മിഷന്‍ അംഗം എന്‍. സുനന്ദയാണ് വിദ്യാര്‍ഥിക്ക് പുനഃപ്രവേശനം നല്‍കാന്‍ തൊടുപുഴ വിദ്യാഭ്യാസ ഉപഡറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

കുട്ടിയെയും അമ്മയെയും നേരില്‍ കേള്‍ക്കുകയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഹിയറിംഗ് നടത്തിയുമാണ് കമ്മിഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. കുട്ടിയുടെ അസുഖത്തിന് ആവശ്യമായ ചികിത്സയും സൗകര്യവും ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ഉറപ്പാക്കണം. കുട്ടികള്‍ക്കെതിരായി സ്‌കൂളില്‍ പീഡനമോ അവകാശലംഘനമോ ഉണ്ടായാല്‍ നിയമ നടപടിക്ക് ഉത്തരവ് പുറപ്പെടുവിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

ഒന്നാം ക്ലാസ് മുതല്‍ ഇതേ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിക്ക് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോഡര്‍

അസുഖമാണെന്ന് മനസ്സിലാക്കുകയോ കുട്ടിയോട് അതിനനുസൃതമായ സമീപനം സ്വീകരിക്കുകയോ ചെയ്യുന്നതില്‍ സ്‌കൂള്‍ അധികാരികള്‍ക്ക് വീഴ്ച സംഭവിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പാളിനെതിരെ ആരംഭിച്ച വകുപ്പുതല അച്ചടക്ക നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കമ്മീഷന്‍ ഉത്തരവിനെത്തുടര്‍ന്ന് സ്വീകരിക്കുന്ന നടപടികള്‍ 15 ദിവസത്തിനകം ലഭ്യമാക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.