ആലപ്പുഴ: ആമിന ഷാജി എന്ന വിദ്യാർത്ഥിനിയുടെ സമയോചിതമായ ഇടപെടലിലൂടെ ആലപ്പുഴയില്‍ ഒഴിവായത് വൻ അഗ്നിബാധ. ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലെ എക്സൈസ് ഓഫീസ് കോമ്പൗണ്ടിൽ നിന്നും പുക ഉയരുന്നത് രാവിലെ പിതാവ് ഷാജിക്കൊപ്പം സ്കൂളിലേയ്ക്ക് പോകുകയായിരുന്ന ആമിനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പുക പടരുന്നയിടത്തേക്ക് എത്തിയ ആമിനയാണ് അവിടെയുണ്ടായിരുന്ന ബൈക്കിലേക്കും കാറിലേക്കും സമീപത്തുള്ള തെങ്ങിലേക്കും തീ പടരുന്നുണ്ടെന്നും ബൈക്കിന്‍റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. 

എസ്റ്റിൻഗ്യൂഷർ പ്രവർത്തിപ്പിക്കാൻ അറിയാമെന്നും തീയണയ്ക്കാൻ വേണ്ടി എത്രയും വേഗം എസ്റ്റിൻഗ്യൂഷർ വേണമെന്നും സ്ഥലത്തുണ്ടായിരുന്ന വനിതാ എക്സൈസ് ജീവനക്കാരോട് ആവശ്യപ്പെട്ടത് കൂടാതെ തീ പിടിച്ച വിവരം ആലപ്പുഴ അഗ്നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്തു ഈ കൊച്ചുമിടുക്കി. എസ്റ്റിൻഗ്യൂഷർ ലഭിക്കാതിരുന്നതിനെ തുടർന്ന് ആമിനയും പിതാവ് ഷാജിയും എക്സൈസ് വനിതാ ജീവനക്കാരും ചേർന്ന് ലഭ്യമായ വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ചു കൊണ്ടിരുന്നു.

പിന്നാലെ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ബൈക്കിലേയ്ക്കും കാറിലേയ്ക്കും തെങ്ങിന് മുകളിലേക്കും പടർന്ന് കയറിയ തീ പൂർണമായും കെടുത്തി. തീപിടുത്തമുണ്ടായ തെങ്ങിന് എതിർവശത്ത് നഗരത്തിലെ വലിയ രണ്ട് പെട്രോൾ പമ്പുകൾ ആണ് പ്രവർത്തിക്കുന്നത്. തെങ്ങിൽ നിന്നും തീപ്പൊരി പെട്രോൾ പമ്പിലേയ്ക്ക് എത്താതെയും, സമീപ കെട്ടിടങ്ങളിലേയ്ക്ക് തീ പടരാതെയും സംരക്ഷിക്കാൻ കഴിഞ്ഞത് ആമിനയുടെ സമയോചിതമായ ഇടപെടലിലൂടെയാണ്.

ആമിനയ്ക്ക് ഈ ധൈര്യവും അറിവും ലഭിച്ചത് 2019 ഡിസംബർ 2 ന് സ്കൂളിൽ വച്ച് നടന്ന ഫയർ ആന്‍റ് റെസ്ക്യു അവെയർനസ് ക്ലാസ്സിൽ നിന്നാണെന്ന് ആമിന പറയുന്നു. ആലപ്പുഴ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആമിന.ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്ക് അടുത്തയിടെയാണ് 7 മണിക്കൂർ ദൈർഘ്യമുള്ള  ഫയർ ആന്‍റ് റെസ്ക്യു അവെയർനസ് ക്ലാസ്സ് നൽകിയത്. ഈ ക്ലാസ്സിൽ വിവിധ തരം എസ്റ്റിൻഗ്യൂഷറുകൾ പ്രവർത്തിപ്പിക്കേണ്ട വിധം, വിവിധ തരം തീപിടുത്തങ്ങൾ, അവ എങ്ങനെയെല്ലാം അണയ്ക്കാം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ആലപ്പുഴ അഗ്നി രക്ഷാനിലയത്തിലെ ഫയർ ആന്‍റ് റെസ്ക്യു ഓഫീസർമാർ വിശദമായി വിവരിച്ചിരുന്നു. 

ആലപ്പുഴ ഇരവ് കാട് കോയാപറമ്പിൽ ഷാജിയുടെ മകളാണ് ആമിന.ആമിനയുടെ അനുജത്തി അസ്നയും ഇതേ സ്കൂളിലെ ഒൻമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ആലപ്പുഴ അഗ്നി രക്ഷാ നിലയത്തിലെ സീനിയർ ഫയർ ആന്‍റ് റെസ്ക്യു ഓഫീസർ ആര്‍. ജയസിംഹന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേനാംഗങ്ങൾ ആണ് ക്യത്യമായി വളരെ വേഗത്തിൽ എത്തി തീ പൂർണ്ണമായും അണച്ചത്.