കൈകളിൽ വന്നുചേർന്ന തന്റേതല്ലാത്ത  സ്വർണ്ണക്കൊലുസ്  പൊന്നിൻവില കുതിച്ചുയരുന്ന ഇക്കാലത്തും അവളുടെ മനസ്സിനെ കീഴ്‌പ്പെടുത്തിയില്ല

തൃശൂർ: കളഞ്ഞുകിട്ടിയ ഒന്നരപ്പവൻ തൂക്കമുള്ള സ്വർണ്ണ പാദസരം തിക്കിനും തിരക്കിനുമിടയിൽ അധ്യാപികയുടെ കൈകളിലേൽപ്പിക്കുമ്പോൾ ഹാദിയയുടെ മനസിൽ പൊൻകുലുസു നഷ്ടപ്പെട്ട ഏതോ അജ്ഞാതയുടെ ഒഴിഞ്ഞ കാൽപാദമായിരുന്നു. കൈകളിൽ വന്നുചേർന്ന തന്റേതല്ലാത്ത സ്വർണ്ണക്കൊലുസ് പൊന്നിൻവില കുതിച്ചുയരുന്ന ഇക്കാലത്തും അവളുടെ മനസ്സിനെ കീഴ്‌പ്പെടുത്തിയില്ല. അതുകൊണ്ടുതന്നെയാണ് മണ്ണുത്തി പാലക്കാട്ടിൽ വീട്ടിൽ അബ്ദു സുധീറിന്റെയും വാസിയയുടെയും മൂന്നു മക്കളിൽ മൂത്തയാളായ പിഎ ഹാദിയ ഹോളി ഫാമിലിയുടെ പൊന്നാണെന്ന് പറയുന്നതും.

കഴിഞ്ഞദിവസം ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം എൽപി സ്കൂളിന്റെ വാർഷികാഘോഷ പരിപാടികൾ നടക്കുമ്പോഴാണ് വെളപ്പായയിൽ താമസിക്കുന്ന തൃശൂർ ഇംഗ്ലീഷ് അക്കാദമി ഡയറക്ടർ ആയ തെക്കേ പുരക്കൽ വീട്ടിൽ വാസുദേവ് ആറ്റൂരിന്റെ ഭാര്യ സുരഭിയുടെ ഒന്നരപ്പവന്റെ സ്വർണ പാദസരം നഷ്ടപ്പെട്ടത്. പാദസരം നഷ്ടപ്പെട്ട കാര്യം വാർഷികാഘോഷ പരിപാടികൾക്കിടയ്ക്ക് അനൗൺസ് ചെയ്തിരുന്നു. ഈ തിരക്കിനിടെയാണ് കോണിപ്പടിക്ക് താഴെ കിടക്കുന്ന പാദസരം ഹാദിയയുടെ ശ്രദ്ധയിൽപ്പെട്ടത്. പാദസരം ഉടൻ അവിടെയുണ്ടായിരുന്ന ടീച്ചറെ ഏൽപ്പിക്കുകയും ചെയ്തു. ടീച്ചർ പാദസരം പ്രധാനാധ്യാപിക സിസ്റ്റർ ഗ്ലോറിക്ക് കൈമാറുകയും സിസ്റ്റർ ഗ്ലോറി അത് ഉടമ സുരഭിക്ക് തിരിച്ചു നൽകുകയും ചെയ്തു. എന്നാൽ ആരാണ് പാദസരം കണ്ടുപിടിച്ചു കൊടുത്തത് എന്ന് ആർക്കും മനസിലായില്ല.

പിന്നീട് അടുത്ത ദിവസം പ്രധാന അധ്യാപിക സിസ്റ്റർ ഗ്ലോറി ഇക്കാര്യം സ്കൂളിൽ അനൗൺസ് ചെയ്യുകയും പാദസരം കണ്ടുപിടിച്ച് തിരിച്ചുകൊടുത്തത് ഹാദിയയാണെന്ന് തിരിച്ചറിയുകയുമായിരുന്നു. മഞ്ഞലോഹത്തിന്റെ പളപളപ്പിൽ കണ്ണും മനസും മഞ്ഞളിക്കാതെ പോയ നന്മ നിറഞ്ഞ മനസിനെ വാസുദേവും കുടുംബവും ഉപഹാരങ്ങളുമായി സ്കൂളിൽ എത്തി ആദരിച്ചു. തൃശൂർ ട്രാഫിക് എസ് ഐ ബോബി ചാണ്ടി ഹാദിയക്ക് ഉപഹാരങ്ങൾ കൈമാറി.

സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്ലോറി, പിടിഎ പ്രസിഡന്റ് രാജൻ അറയ്ക്കൽ എന്നിവരും വാസുദേവും ഭാര്യ സുരഭിയും മക്കളായ ആരാധ്യ, അദ്വിക എന്നിവരും ഹാദിയയെ അനുമോദിക്കാൻ എത്തിയിരുന്നു. ആലുവയിൽ സ്വകാര്യ ഐ ഹോസ്പിറ്റലിൽ ഐടി ഇൻചാർജ് ആയി ജോലി ചെയ്യുകയാണ് ഹാദിയയുടെ പിതാവ്. അമ്മ വാണിയംപാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയാണ്. രണ്ട് സഹോദരങ്ങൾ ഹോളി ഫാമിലിയിൽ തന്നെയാണ് പഠിക്കുന്നത്.

'കാൻസര്‍ നേരത്തെ കണ്ടെത്തിയാൽ ചികിത്സിച്ച് ഭേദമാക്കാം, സ്ക്രീനിങ് ഭയപ്പെടേണ്ട', അവബോധത്തിന് അതിജീവിതരുടെ സംഗമം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം