വഴക്ക് മൂത്തതോടെ ഒരു വിഭാഗം വിദ്യാർഥികൾ പാലായിൽ നിന്ന് ആക്രമി സംഘത്തെ വിളിച്ചു വരുത്തി. അക്രമി സംഘം സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരെയും നാട്ടുകാരെയും മർദ്ദിച്ചു.

കോട്ടയം: കോട്ടയം ഉഴവൂരിൽ സ്‌കൂൾ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കൂട്ടത്തല്ല്. തടയാനെത്തിയ പൊലീസ് സംഘത്തിലെ എസ് ഐക്കും പരിക്കേറ്റു. ഉഴവൂർ ഒ എൽ എൽ ഹയർ സെക്കൻ്ററി സ്ക്കൂളിലാണ് വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. വഴക്ക് മൂത്തതോടെ ഒരു വിഭാഗം വിദ്യാർഥികൾ പാലായിൽ നിന്ന് ആക്രമി സംഘത്തെ വിളിച്ചു വരുത്തി. അക്രമി സംഘം സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരെയും നാട്ടുകാരെയും മർദ്ദിച്ചു. സംഘർഷം തടയാൻ സ്ഥലത്തെത്തിയ പൊലീസ് സംഘത്തിലെ എസ് ഐയെയും അക്രമികൾ അടിച്ചു നിലത്തിട്ടു. സംഭവവുമായി ബന്ധപ്പെട്ട് പാലാ സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ എസ് ഐ കെ.വി സന്തോഷ് ഉൾപ്പെടെ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

പത്താം ക്ലാസിലെ പ്ലസ് വണ്ണിലെയും കുട്ടികൾ തമ്മിൽ സ്കൂൾ വിട്ട സമയത്ത് വാക്ക് തർക്കമുണ്ടായി. കുട്ടികളിലെ ഒരു സംഘം പാലാ ഭാഗത്തെ ചില ചെറുപ്പക്കാരുടെ സഹായം തേടി. ഈ അക്രമി സംഘം സ്കൂളിലെത്തി വിദ്യാർത്ഥികളെ മർദ്ദിച്ചു. ഇതോടെ അടികിട്ടിയ വിദ്യാർത്ഥികൾ സമീപത്തെ ഓട്ടോ ഡ്രൈവർമാരുടെയും നാട്ടുകാരുടെയും സഹായം തേടി. ഇതോടെ നാട്ടുകാരെല്ലാം ചേർന്ന് തമ്മിലടിയായി. ഈ സമയത്താണ് പൊലീസ് സംഘം സംഘർഷ വിവരമറിഞ്ഞെത്തിയത്. തടയാൻ ശ്രമിച്ചതോടെ അക്രമി സംഘം പൊലീസിനെയും മർദ്ദിക്കുകയായിരുന്നു. 

YouTube video player