വെറുതെ മതിലിൽ ചിത്രങ്ങൾ കോറിയിടുകയല്ല കുട്ടികൾ. ചിത്രരചനയിലൂടെ വ്യക്തമായ സന്ദേശവും സമൂഹത്തിന് നൽകുന്നുണ്ട് ഈ ഭാവി കലാകാകൻമാർ. കണ്ടും കേട്ടും വായിച്ചും അറിഞ്ഞ നവോത്ഥാന കാലഘട്ടത്തിലെ കേരള ചരിത്രം വരകളിലൂടെ പുനർജ്ജനിക്കുകയാണ് ഇവിടെ

തിരുവല്ല: കുട്ടികളിലെ സർഗ്ഗവാസന വളർത്താൻ വേറിട്ട പ്രവർത്തനങ്ങളുമായി തിരുവനന്തപുരം കോട്ടുകാൽ പിടിഎം വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂൾ. വൃത്തി ഹീനമായി കിടക്കുന്ന പഞ്ചായത്ത് മതിലുകളെ കുട്ടികൾക്ക് ചിത്രം വരയ്ക്കാൻ നൽകിയാണ് അവരിലെ ഭാവനയും കലാവാസനയും വളർത്തുന്നത്.

വെറുതെ മതിലിൽ ചിത്രങ്ങൾ കോറിയിടുകയല്ല കുട്ടികൾ. ചിത്രരചനയിലൂടെ വ്യക്തമായ സന്ദേശവും സമൂഹത്തിന് നൽകുന്നുണ്ട് ഈ ഭാവി കലാകാകൻമാർ. കണ്ടും കേട്ടും വായിച്ചും അറിഞ്ഞ നവോത്ഥാന കാലഘട്ടത്തിലെ കേരള ചരിത്രം വരകളിലൂടെ പുനർജ്ജനിക്കുകയാണ് ഇവിടെ. മിശ്രഭോജനവും, വിധവാ വിവാഹവും പ്രാചീന കാലത്തെ ശിക്ഷാവിധിയുമെല്ലാം മതിലിൽ വരകളായി തെളിയുന്നു.

സ്കൂളിലെ വരയ്ക്കാൻ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേകം പരിശീലനം നൽകിയാണ് ചിത്രരചനയ്ക്ക് സ്കൂൾ അധികൃതർ നേതൃത്വം നൽകുന്നത്. കോട്ടുകാൽ പഞ്ചായത്തിന്‍റെയും സർവ്വശിക്ഷാ അഭിയാന്‍റെയും സഹകരണത്തോടെയുമാണ് ചിത്രരചന.