വീടിന് സമീപത്തെ പുരയിടത്തിൽ കൃഷിപ്പണി ചെയ്തിരുന്ന ജനാർദ്ദനൻ ബുധനാഴ്ച ഉച്ചയ്ക്ക് ഊണ് കഴിക്കാൻ എത്തിയില്ല. ഇതോടെയാണ് കാണാതായ വിവരം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാരും പ്രദേശവാസികളും പരിസരങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല
തിരുവനന്തപുരം: അമ്പൂരി മായത്ത് പുരൈ മല കടവിൽ കാണാതായ കർഷകനായി അഗ്നിശമന സേനയും പൊലീസും ചേര്‍ന്ന് സ്‌കൂബാ തീം തെരച്ചിൽ നടത്തുന്നു. ബുധനാഴ്‌ചയാണ് കർഷകനായ അമ്പൂരി മായം പള്ളിപ്പറ്റമ്പിൽ വീട്ടിൽ ജനാർദ്ദനൻ (ജോസഫ്-66)നെ കാണാതായത്.
വീടിന് സമീപത്തെ പുരയിടത്തിൽ കൃഷിപ്പണി ചെയ്തിരുന്ന ജനാർദ്ദനൻ ബുധനാഴ്ച ഉച്ചയ്ക്ക് ഊണ് കഴിക്കാൻ എത്തിയില്ല. ഇതോടെയാണ് കാണാതായ വിവരം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാരും പ്രദേശവാസികളും പരിസരങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ശേഷം നെയ്യാർഡാം പൊലീസിലും ഫയർഫോഴ്സിലും വിവരം അറിയിക്കുകയും ഇവർ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഡാം റസർവ്വോയർ പ്രദേശത്ത് തിരച്ചിൽ നടത്തുകയും ചെയ്തു.
കൃഷി ജോലി കഴിഞ്ഞു കടവിൽ മൺവെട്ടി കഴുകുന്നത് കണ്ടിരുന്നു എന്നും ശേഷം കാണാതാവുകയായിരുന്നു എന്നുമാണ് പൊലീസിനും അഗ്നിശമനസേനയ്ക്കും ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് റിസർവോയറിൽ കൂടെ തെരച്ചിൽ നടത്തുന്നത്. ഇന്നലെ രാത്രി വൈകിയും തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് ഇന്ന് രാവിലെയോടെ സ്‌കൂബാ ടീം തെരച്ചിൽ ആരംഭിച്ചത്.
