Asianet News MalayalamAsianet News Malayalam

തലയ്ക്ക് മുകളിൽ സ്രാവടക്കം കടൽ മീനുകൾ, കാഴ്ചകൾ കാണാം ഫോട്ടോയെടുക്കാം; തലസ്ഥാനത്ത് അണ്ടർ വാട്ടർ ടണൽ അക്വേറിയം

ആഴക്കടലിന്‍റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൂറ്റൻ തിമിം​ഗലങ്ങളും സ്രാവുകളും മുതൽ വ്യത്യസ്തങ്ങളായ വർണ്ണമത്സ്യങ്ങൾ വരെ ഈ അക്വേറിയത്തിലുണ്ട്. 

Sea fish including sharks overhead  can be seen and photographed Underwater tunnel aquarium in the capital
Author
First Published Sep 5, 2024, 6:10 PM IST | Last Updated Sep 5, 2024, 6:10 PM IST

തിരുവനന്തപുരം: കടലിനടിയിലെ വിസ്മയക്കാഴ്ചകൾ കൺമുന്നിൽ കാണാനും തൊട്ടനുഭവിക്കാനും റെഡിയാണെങ്കിൽ തിരുവനന്തപുരത്തേക്ക് പോരൂ. രാജ്യത്ത് ഇതാദ്യമായി ഒരുങ്ങിയ കൂറ്റൻ മറൈൻ മിറാക്കിൾ അണ്ടർ വാട്ടർ ടണൽ അക്വേറിയത്തിലെ കൗതുകക്കാഴ്ചകൾ ആസ്വദിച്ചു മടങ്ങാം.   ആഴക്കടലിന്‍റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൂറ്റൻ തിമിം​ഗലങ്ങളും സ്രാവുകളും മുതൽ വ്യത്യസ്തങ്ങളായ വർണ്ണമത്സ്യങ്ങൾ വരെ ഈ അക്വേറിയത്തിലുണ്ട്. 

ലക്ഷകണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് കടലിന്‍റെ അടിത്തട്ടിലൂടെ നടക്കുമ്പോള്‍ തലയ്ക്ക് മുകളില്‍ വലിയ മത്സ്യങ്ങളുടെ കാഴ്ചാനുഭവം ഹൃദ്യമാണ്. മറൈന്‍ മിറാക്കിൾസ് ഒരുക്കിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍  വാട്ടര്‍ ടണല്‍  അക്വേറിയം നഗരത്തിന് വ്യത്യസ്തമായ കൗതുകക്കാഴ്ചകളാണ് സമ്മാനിക്കുന്നത്. വമ്പൻ മുതല്‍ മുടക്കിൽ നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെ കരയില്‍ സജ്ജീകരിച്ചിരിക്കുന്ന കടലാഴങ്ങളിലെ കാഴ്ചകൾ ഒക്ടോബർ രണ്ടുവരെ ആസ്വദിക്കാം. ലുലു മാളിനു സമീപമുള്ള ആനയറ വേൾഡ് മാർക്കറ്റ് മൈതാനിയിലാണ് പ്രദർശനം നടക്കുന്നത്. 

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കലാ ട്രസ്റ്റാണ് കടലോളം ഓണം എന്ന പേരിൽ അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഓണം മെഗാ എക്സ്പോയും ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തെയും സമീപ ജില്ലകളിലെയും കാണികൾക്ക് പുറമേ കന്യാകുമാരി, നാ​ഗർകോവിൽ  എന്നിവിടങ്ങളിൽ നിന്നുള്ളവരും പ്രദർശനം കാണാനെത്തുന്നുണ്ട്. ആഴക്കടലിലെ ലോകാത്ഭുതമായ നീലത്തിമിംഗലം തുറന്ന വായുമായി നിങ്ങളെ വിഴുങ്ങാന്‍ വേൾഡ് മാർക്കറ്റ് മൈതാനിയിൽ പ്രവേശന കവാടത്തില്‍ തന്നെയുണ്ട്. 

കവാടം കടന്നാണ് അണ്ടര്‍ വാട്ടര്‍ ടണലിലേക്ക് പ്രവേശനം. കടലിന് അടിയിലൂടെ നടക്കാനുള്ള തയാറെടുപ്പാണ് പിന്നീട്. ഇത് ജീവിതത്തിൽ ലഭിക്കുന്ന അപൂർവ അനുഭവമാണ്. ഈ കാഴ്ചകൾ അവസാനിക്കുന്നത് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള അപൂർവ പ്രദർശനത്തിലേക്കാണ്. പ്രദർശന ന​ഗരിയിലെ സെൽഫി പോയിന്റുകളിൽ നിന്ന് കാണികൾക്ക്  ഫോട്ടോയെടുക്കാനുള്ള അവസരവുമുണ്ട്. 

ഓണം എക്സ്പോയുടെ ഭാഗമായി ഒരു വീട്ടിലേക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫർണിച്ചറുകളുടേയും തുണിത്തരങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വമ്പിച്ച വിറ്റഴിക്കല്‍ ഓഫർ മേളയും ഒരുങ്ങിയിട്ടുണ്ട്. ഓണത്തിനു മുന്നോടിയായി ഫർണിച്ചറുകൾക്ക് 50 ശതമാനം ഡിസ്കൗണ്ട് ഇവിടെ നിന്ന് ലഭിക്കും.  കൂടാതെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രുചിയൂറും വിഭവങ്ങളുമായി വിശാലമായ ഫുഡ് കോര്‍ട്ടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ അമ്യൂസ്മെന്‍റ് റൈഡുകളും സജ്ജമാണ്. പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം 2 മണി  മുതൽ 10 വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ രാത്രി 11 മണി വരെയുമാണ് പ്രവേശനം. 120 രൂപയാണ് ടിക്കറ്റ് നിരക്ക്. പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളും നൽകുന്നുണ്ട്.

മാസത്തിൽ 3 തവണ കേരളത്തിലെത്തും, ഷോൾഡർ ബാഗിൽ 'സാധനം' എത്തിക്കും; കലൂരിൽ 5.5 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios