Asianet News MalayalamAsianet News Malayalam

കടലാക്രമണം തടയാൻ ജിയോ ബാഗുകൾ; കടൽഭിത്തി നിർമ്മാണം പുരോഗമിക്കുന്നു

പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തീരദേശ സംരക്ഷണ സമിതി നാളെ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും

sea wall construction with geo bags in sea surge areas of chellanam
Author
Kochi, First Published Jun 16, 2019, 5:16 PM IST

കൊച്ചി: ചെല്ലാനത്ത് കടലാക്രമണം തടയാൻ താൽക്കാലിക പരിഹാരമായി ജിയോ ബാഗുകൾ ഉപയോഗിച്ചുള്ള കടൽഭിത്തി നിർമ്മാണം പുരോഗമിക്കുന്നു. തീരദേശ വാസികളുടെ ദുരിതം കണ്ടറിഞ്ഞ് നാട്ടുകാർക്കും തൊഴിലാളികൾക്കുമൊപ്പം വിവിധ സന്നദ്ധ സംഘടനകളിൽ നിന്നുള്ളവരും ചേർന്നാണ് ജിയോ ബാഗുകളിൽ മണൽ നിറക്കുന്നത്.

പ്രതിഷേധം അണപൊട്ടിയതിനെ തുടർന്ന് പണികൾ റവന്യൂ വകുപ്പ് ഏറ്റെടുത്തിരുന്നു. ഫോർട്ടു കൊച്ചി സബ്കളക്ടറുടെ മേൽ നോട്ടത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. ജലവിഭവ വകുപ്പിൻറെ കൈവശമുണ്ടായിരുന്ന ജിയോ ബാഗുകളിൽ രണ്ടായിരത്തോളം എണ്ണത്തിൽ മണൽ നിറച്ച് സ്ഥാപിച്ചു. ആവശ്യമായ യന്ത്രങ്ങളും റവന്യൂ വകുപ്പാണ് എത്തിച്ചത്.

കടലാക്രമണം രൂക്ഷമായ കമ്പനിപ്പടി, ബസാർ എന്നിവിടങ്ങളിൽ 200 മീറ്റർ നീളത്തിലും വേളാങ്കണ്ണി പള്ളിക്ക് സമീപം 180 മീറ്റർ നീളത്തിലുമാണ് ആദ്യം ജിയോ ബാഗുകൾ സ്ഥാപിക്കുക. കല്ലു കൊണ്ട് കടൽ ഭിത്തി നിർമ്മിക്കാൻ കേന്ദ്ര സഹായം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് സ്ഥലത്തെത്തിയ ഹൈബി ഈഡൻ എംപി പറഞ്ഞു. അതേസമയം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തീരദേശ സംരക്ഷണ സമിതി നാളെ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും.

Follow Us:
Download App:
  • android
  • ios