തിരുവനന്തപുരം: തിരുവനന്തപുരം പെരുങ്കടവിളയില്‍ ക്വാറിയിലെ സുരക്ഷാ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. നെയ്യാറ്റിന്‍കര അങ്കോട് സ്വദേശി ഗോപിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസുകാരനായ ഗോപിയുടെ മൃതദേഹം പെരുങ്കടവിള ഡെല്‍റ്റാ ക്വാറിയുടെ ക്യാബിനിലാണ് കണ്ടെത്തിയത്.

ഗോപിയും സ്ഥാപനത്തിലെ മറ്റ് ചില സുരക്ഷാ ജീവനക്കാരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്. ക്വാറിയില്‍ നിന്ന് സാധനങ്ങള്‍ കടത്താനുളള മറ്റ് ജീവനക്കാരുടെ ശ്രമം ഗോപി തടഞ്ഞിരുന്നെന്നും ഇതിന്‍റെ പേരില്‍ ഭീഷണി ഉണ്ടായിരുന്നെന്നും ഗോപിയുടെ സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലും പ്രശ്നങ്ങളുണ്ടായെന്നും അതിനാല്‍ മരണത്തില്‍ സംശയമുണ്ടെന്നുമാണ് കുടുംബത്തിന്‍റെ നിലപാട്. അസ്വാഭാവിക മരണത്തിനാണ് മാരായമുട്ടം പൊലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും തുടരന്വേഷണമെന്ന് പൊലീസ് പറഞ്ഞു.