കല്‍പ്പറ്റ: കണ്ണിന് കുളിര്‍മ്മയേകുന്ന കാഴ്ചകളും പച്ചപ്പുമെല്ലാമാണ് മേപ്പാടിക്കടുത്തുള്ള മുണ്ടക്കൈ സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. എന്നാല്‍ സഞ്ചാരികളില്‍ ചിലരുടെ ജീവനെടുത്ത രൗദ്രഭാവവും സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തിനുണ്ട്. ഇന്നലെ ഒരു യുവാവ് കൂടി കയത്തില്‍ മുങ്ങി മരിച്ചതോടെ നാട്ടുകാരുടെ ആശങ്കയും ഇരട്ടിയാക്കുന്നു.

മതിയായ സുരക്ഷാ ഒരുക്കാതെ ഈ പ്രദേശത്തേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സുല്‍ത്താന്‍ബത്തേരി വാകേരി സിസിയിലെ വിമുക്തഭടനായ സജീവന്റെ മകന്‍ നിധിന്‍ (23) ആണ്  വ്യാഴാഴ്ച രണ്ടരയോടെ സീതമ്മക്കുണ്ടില്‍ മുങ്ങിമരിച്ചത്. കഴിഞ്ഞവര്‍ഷം മേപ്പാടി കാപ്പംകൊല്ലി സ്വദേശിയായ കോളേജ് വിദ്യാര്‍ഥിയും ഇവിടത്തെ കയത്തില്‍ വീണ് മരിച്ചിരുന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ സീതമ്മക്കുണ്ടിലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളെത്താറുണ്ടെങ്കിലും ചെമ്പ്രാപീക്കും സൂചിപ്പാറയും അടച്ചതോടെയാണ് ഇവിടേക്ക് സഞ്ചാരികളുടെ വരവ് വര്‍ധിച്ചത്. ടൂറിസ്റ്റ് കേന്ദ്രമായ തൊള്ളായിരംകണ്ടിയിലെത്തുന്നവരാണ് സമീപ കേന്ദ്രമായ സീതമ്മക്കുണ്ടിലെത്തുന്നവരിലധികവും. ഇവിടെയെത്തുന്നവര്‍ പുഴയില്‍ ഇറങ്ങി കുളിക്കുന്നത് പതിവാണ്. എന്നാല്‍ നീന്തലറിയുന്നവര്‍ പോലും അപകടത്തില്‍പ്പെടാറുണ്ട്. 

മുമ്പും സഞ്ചാരികള്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. നാട്ടുകാരുടെ ഇടപെടല്‍കൊണ്ടുമാത്രമാണ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്. അപകടങ്ങള്‍ സംഭവിക്കുമ്പോഴൊക്കെ സീതമ്മക്കുണ്ടില്‍ സുരക്ഷാസംവിധാനങ്ങളൊരുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടാറുണ്ടെങ്കിലും ബന്ധപ്പെട്ടവര്‍ ചെവിക്കൊള്ളാറില്ല. ഏറെ നാളത്തെ മുറവിളിക്ക് ഒടുവില്‍ ഒരാഴ്ചമുമ്പാണ് ഗ്രാമപ്പഞ്ചായത്തിന്റെ അപകട മുന്നറിയിപ്പ് ബോര്‍ഡ് ഇവിടെ സ്ഥാപിച്ചത്. 

എന്നാല്‍ ഈ ബോര്‍ഡാകട്ടെ ഒറ്റനോട്ടത്തില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടുകയുമില്ല. തൊള്ളായിരംകണ്ടിയും സീതമ്മക്കുണ്ടും അധികൃതരുടെ പട്ടികയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളല്ലാത്തതിനാല്‍ സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും സുരക്ഷയൊരുക്കുന്നതിനും ഗ്രാമപ്പഞ്ചായത്തോ പൊലീസോ ശ്രമിക്കാറില്ല. ഇന്നലത്തെ അപകടത്തോടെ ഇവിടേക്കെത്തുന്ന സഞ്ചാരികളെ തടയാനാണ് പ്രദേശവാസികള്‍ തീരുമാനിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനമൊരുക്കുന്നതുവരെ ഇത് തുടരുമെന്നും അവര്‍ പറയുന്നു.