Asianet News MalayalamAsianet News Malayalam

മായക്ക് ജീവൻ തിരിച്ചുനൽകി വണ്ടാനം മെഡിക്കൽ കോളേജിൽ 'സെലക്റ്റീവ് ആഞ്ചിയോ എമ്പോളിസേഷൻ' ചികിത്സ

വൃക്കയിലെ മുഴയിൽ നിന്നുള്ള രക്തസ്രാവം മൂലം അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് രക്ഷയായി സെലക്റ്റീവ് അഞ്ചിയോ എമ്പോളിസേഷൻ എന്ന നൂതന ചികിത്സ. 

Selective Angio Embolization treatment at Vandanam Medical College brings Maya back to life
Author
Kerala, First Published Mar 25, 2021, 7:28 PM IST

അമ്പലപ്പുഴ: വൃക്കയിലെ മുഴയിൽ നിന്നുള്ള രക്തസ്രാവം മൂലം അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് രക്ഷയായി സെലക്റ്റീവ് അഞ്ചിയോ എമ്പോളിസേഷൻ എന്ന നൂതന ചികിത്സ. മാവേലിക്കര ചെന്നിത്തല ഒരിപ്പുറം പുതുശ്ശേരിൽ തെക്കതിൽ ഷിബുവിന്റെ ഭാര്യ മായ (26) കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വണ്ടാനം മെഡിക്കൽ കോളേജില്‍ എത്തിയത്. 

ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ യൂറോളജി വിഭാഗം മേധാവി ഡോ. എം നാസർ പരിശോധിക്കുകയും ആന്തരിക രക്തസ്രാവം സംശയിച്ചു സിടി സ്കാനിങ്ങിന് വിധേയയാക്കുകയും ചെയ്തു. സ്കാനിങ്ങിൽ വലതു വൃക്കയിൽ രക്തം വാർന്നുകൊണ്ടിരിക്കുന്ന വലിയ മുഴ കണ്ടെത്തിയതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 

ബ്ലഡ് ട്രാൻസ്ഫ്യൂഷനും മറ്റ് അനുബന്ധ ചികിത്സകളും നൽകിയെങ്കിലും നില വഷളായതിനാൽ അടിയന്തിര ഇടപെടൽ അനിവാര്യമായി. ഓപ്പറേഷൻ അപകടകരമായതിനാലും ചിലപ്പോൾ വൃക്ക പൂർണമായും നീക്കം ചെയ്യേണ്ട അവസ്ഥ വന്നേക്കാമെന്നതിനാലും, നൂതന ചികിത്സാ രീതിയായ സെലക്റ്റീവ് ആഞ്ജിയോ എമ്പോളിസേഷൻ ആണ് ഉത്തമമെന്ന നിഗമനത്തിൽ ‍ഡോക്ടര്‍മാര്‍ എത്തുകയായിരുന്നു. 

എന്നാൽ അത്യാധുനിക സൗകര്യങ്ങളുള്ള വൻകിട ആശുപത്രികളിൽ മാത്രം ലഭ്യമാകുന്ന ഈ ചികിത്സക്ക് വേണ്ടിവരുന്ന അതിഭീമമായ ചെലവ് രോഗിക്ക് താങ്ങാൻ കഴിയാത്തതായിരുന്നു. തുടര്‍ന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. കെഎസ്  മോഹനനുമായി ആശയവിനിമയം നടത്തുകയും അദ്ദേഹം ഈ വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു.

ഡോ. മോഹനനോടൊപ്പം ഡോ. അബ്ദുൽ സലാം, ഡോ. രഘുറാം, ഡോ. അരുൺ ആൽബി, രേഷ്മ, അഖിൽ, ഹെഡ് നഴ്സ് രാജി നഴ്സ് എൽസ എന്നിവരും, യൂറോളജിയിൽ നിന്നും ഡോ. നാസർ, ഡോ. മിഥിലേഷ്, ഡോ. രവി എന്നിവരും പങ്കെടുത്തു. 

ആശുപത്രി സൂപ്രണ്ട് ഡോ. രാംലാലിന്റെ സമയോചിതമായ ഇടപെടൽ ഓപ്പറേഷൻ വേഗത്തിലാക്കി. രോഗി അപകടവസ്ഥ തരണം ചെയ്തു. പൂർണ ആരോഗ്യം വീണ്ടെടുത്തതായും അടുത്ത ദിവസം ഡിസ്ചാർജ് ചെയ്യാനാകുമെന്നും ഡോ. നാസർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios