ഹൈദരാബാദ്: പ്രേതബാധ ഒഴിപ്പിക്കാമെന്ന പേരിൽ മന്ത്രവാദി 19കാരിയെ ബലാത്സംഗം ചെയ്തു.  ഹൈദരാബാദിലെ ബോറബന്ദയിലാണ് സംഭവം നടന്നത്. അസം എന്ന മന്ത്രവാദിയാണ് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

കുട്ടിയെ നേരത്തെ അറിയാമായിരുന്ന അസം സ്ഥിരമായി പെൺകുട്ടിയുടെ വീട് സന്ദർശിക്കുമായിരുന്നു. ശേഷം വീട് പ്രേതത്തിന്റെ പിടിയിലാണെന്ന് ഇയാൾ കുട്ടിയുടെ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. കുടാതെ ബാധ ഒഴിപ്പിക്കാൻ സഹായിക്കാമെന്നും അസം വാക്കുനൽകി. ബാധ ഒഴിപ്പിക്കാൻ കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ ഒരു ദര്‍ഗ സന്ദർശിക്കണമെന്ന് അസം അവശ്യപ്പെടുകയും അവരെ സ്ഥലത്തെത്തിക്കുകയും ചെയ്തു. അവിടെ വച്ചാണ് പെൺകുട്ടിയെ ഇയാൾ ബലാത്സം​ഗത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. 

പിന്നീട്  വീട്ടിലെത്തിയ ഇയാള്‍ ബാധയെ ഭയപ്പെടുത്താനായി ചില മന്ത്രങ്ങള്‍ ജപിക്കേണ്ടതുണ്ടെന്ന് പറഞ്ഞ് മാതാപിതാക്കളെ വീടിനു പുറത്തിറക്കി. തുടര്‍ന്ന് വീട്ടിനുള്ളിൽ വെച്ച് പെൺകുട്ടിയെ ഒരിക്കൽ കൂടി ഇയാൾ ചൂഷണത്തിന് ഇരയാക്കിയതായി പൊലീസ് വ്യക്തമാക്കി. കൗൺസിലിങ്ങിനായി പെൺകുട്ടിയെ ഭരോസ സെന്‍ററിലേയ്ക്ക് അയച്ചുവെന്നും പ്രതിയെ റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.