ജൂലൈ 18 ന് രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്. അന്ന് സബിത്തിന് ജി ഡി ചാര്‍ജ് ആയിരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടത്തിയത്. സ്വന്തം കാറില്‍ കയറ്റിയാണ് ഹാന്‍സ് ഇയാള്‍ കടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

സുല്‍ത്താന്‍ബത്തേരി: ഓപ്പറേഷന്‍ തൂഫാനും ഡി-ഹണ്ടും അടക്കം സംസ്ഥാനം ഒന്നാകെ ലഹരിക്കെതിരെ പോരാടുമ്പോള്‍ പൊലീസ് സേനക്ക് നാണക്കേടായി മാറിയിരിക്കുകയാണ് സുല്‍ത്താന്‍ബത്തേരി സ്റ്റേഷനില്‍ നിന്ന് പൊലീസുകാരന്‍ തന്നെ തൊണ്ടിമുതലായി പിടിച്ചെടുത്ത ലഹരി കടത്തിയ സംഭവം. ലഹരിയുടെ വന്‍ശേഖരം വീണ്ടും വിപണിയിലേക്ക് എത്തിക്കാന്‍ കാവല്‍ക്കാര്‍ തന്നെ കൂട്ടുനില്‍ക്കുകയെന്നത് ആശങ്കപ്പെടുത്തുന്നതാണ്. അതീവ സുരക്ഷയോടെ തൊണ്ടിമുതലുകള്‍ സൂക്ഷിക്കുന്ന സ്റ്റേഷന്‍ കെട്ടിടത്തിലെ മുറിയില്‍ നിന്ന് 13,800 പാക്കറ്റ് ഹാന്‍സ്, കൂള്‍ലിപ്പ് എന്നിങ്ങനെയുള്ള നിരോധിത പുകയില ഉല്‍പന്നങ്ങളാണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗ്രേഡ് ആയ സബിത്ത് മോഷ്ടിച്ചു കൊണ്ടുപോയത്.

അതേ സമയം ബത്തേരി സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാന്‍സും കൂള്‍ലിപും മോഷ്ടിച്ചു കടത്തിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സബിത്ത് ഒളിവിലെന്ന് പൊലീസ് പറയുന്നത്. സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗ്രേഡ് ആയ സബിത്താണ് പ്രതിയെന്ന് നേരത്തെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. എന്നാല്‍ മോഷണ വിവരം പുറത്തിറഞ്ഞത് മുതല്‍ സബിത്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു. പൊലീസുകാരന്‍ പ്രതിയായ സംഭവത്തില്‍ വകുപ്പുതല നടപടിക്കായി ബത്തേരി ഡിവൈഎസ്പി ശുപാര്‍ശ ചെയ്തു കഴിഞ്ഞു. കടുത്ത നടപടി ഇയാള്‍ക്കെതിരെ വരാനാണ് സാധ്യത.

ഏഴ് ചാക്ക് ഹാന്‍സും കൂള്‍ലിപുമാണ് തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്ന് കാണാതായത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാകില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് പുറത്തുനിന്നും സ്റ്റേഷനില്‍ നിന്നും ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കേണ്ടി വരും. ഇക്കഴിഞ്ഞ ജൂലൈ 18 ന് രാത്രിയാണ് മോഷണം നടന്നിരിക്കുന്നത്. അന്ന് സബിത്തിന് ജി ഡി ചാര്‍ജ് ആയിരുന്നു. രാത്രി 12 മണിക്ക് ശേഷമാണ് മോഷണം നടത്തിയത്. സ്വന്തം കാറില്‍ കയറ്റിയാണ് ഹാന്‍സ് ഇയാള്‍ കടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.