ഉറങ്ങേണ്ട സമയത്ത് ഉറങ്ങാൻ കഴിയാത്തത് എന്തോ ഒരു അപകടാവസ്ഥയായി ശരീരം വിലയിരുത്തും. ഇത് കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സ്‌ട്രെസ് ഹോർമോണുകൾ ഉയരാൻ കാരണമാകും

തിരുവനന്തപുരം: രാത്രി വൈകിയുള്ള പവർ കട്ട് സമ്മാനിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് വ്യക്തമാക്കി ന്യൂറോ സർജ്ജനും എഴുത്തുകാരനുമായ ഡോ. മനോജ് വെള്ളനാട്. അപ്രതീക്ഷിതമായി അരങ്ങേറുന്ന ഈ അർദ്ധരാത്രി ലോഡ്ഷെഡിങ് വെറുമൊരു അസൗകര്യമല്ല, മറിച്ച് മനുഷ്യശരീരത്തിന്റെ ജീവശാസ്ത്രപരമായ താളക്രമത്തിന് നേരെയുള്ള ഇരുട്ടടിയാണ് എന്നാണ് ഡോ. മനോജ് വെള്ളനാട് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. ആരോഗ്യമുള്ള ഒരു മനുഷ്യൻ്റെ സ്വാഭാവികമായ ഉറക്കത്തെ ഈ അർദ്ധരാത്രി പവർക്കട്ട് എങ്ങനെ ബാധിക്കുന്നു എന്നാണ് ഫേസ്ബുക്ക് കുറിപ്പ് വ്യക്തമാക്കുന്നത്.

നമ്മുടെ ശരീരം ഒരു അത്യാധുനിക കമ്പ്യൂട്ടർ പോലെയാണ്. വലിയ ജോലികൾ ചെയ്യുമ്പോൾ കമ്പ്യൂട്ടറിന്റെ പ്രൊസസ്സർ ചൂടാകുമല്ലോ. പിന്നീടത് സ്ലീപ്പ് മോഡിലേക്ക് പോകുമ്പോൾ തണുത്ത് ശാന്തമാകുന്നു. തലച്ചോറും ഇതേ തത്വമാണ് പിന്തുടരുന്നത്. എന്നാൽ കമ്പ്യൂട്ടറിൽ നിന്ന് വ്യത്യസ്ഥമായി നമുക്ക് ഉറങ്ങുന്നതിനും തണുപ്പ് ആവശ്യമാണ്. ഉറക്കത്തിലേക്ക് കടക്കാൻ നമ്മുടെ ശരീരം സ്വയം തണുപ്പിച്ചേ മതിയാകൂ. ഈ പ്രക്രിയയെയാണ് ജീവശാസ്ത്രത്തിൽ തെർമോഗുലേഷൻ എന്ന് വിളിക്കുന്നത്. നമ്മുടെ തലച്ചോറിലെ ഒരു കുഞ്ഞു ഭാഗമാണ് ഹൈപ്പോതലാമസ്. ശരീരത്തിലെ എയർകണ്ടീഷണറുടെ റിമോട്ട് കൺട്രോൾ ഇവിടെയാണിരിക്കുന്നത്. സന്ധ്യ മയങ്ങുമ്പോൾ കണ്ണുകളിലെ റെറ്റിനയിലെ ചില കോശങ്ങൾ തലച്ചോറിലേക്ക് ചില സിഗ്നലുകൾ അയക്കും, ‘പുറത്ത് ഇരുട്ടായി, ഇനി വിശ്രമിക്കാം.’ എന്ന്. അങ്ങനെ വിശ്രമത്തിനുള്ള ശ്രമങ്ങൾ ഹൈപ്പോതലാമസ് തുടങ്ങും. നമ്മൾ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ ഹൈപ്പോതലാമസ് ശരീരത്തിന്റെ ആന്തരിക താപനില കുറയ്ക്കാൻ തുടങ്ങും. സാധാരണയായി 37°C ഉള്ള ഉൾതാപനില ഉറങ്ങുമ്പോൾ 35.5°C മുതൽ 36°C വരെ താഴണം. ഈ തണുക്കൽ ആരംഭിച്ചാൽ മാത്രമേ ഉറക്കത്തിന്റെ ഹോർമോണായ മെലറ്റോണിന് കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കൂ.

ഉറങ്ങാൻ പോകുന്നതിന് മുമ്പ് ചെറുചൂടുവെള്ളത്തിൽ കുളിച്ചാൽ നല്ല ഉറക്കം കിട്ടുമെന്ന് പലരും പറയാറുണ്ട്. അത് സത്യവുമാണ്. ഇളം ചൂടുവെള്ളത്തിൽ കുളിച്ചു കഴിയുമ്പോൾ ശരീരം ശരിക്കും തണുക്കുന്നത് കൊണ്ടാണ് അങ്ങനെ പെട്ടെന്ന് ഉറങ്ങാൻ കഴിയുന്നത്. നമുക്കെല്ലാം അറിയാവുന്ന മറ്റൊരു കാര്യമാണ് ചൂട് കൂടുമ്പോൾ ശരീരം വിയർക്കുന്നതും ആ വിയർപ്പ് ബാഷ്‌പീകരിക്കാൻ ശരീരോഷ്‌ണം ഉപയോഗിക്കുന്നതും അങ്ങനെ ചൂടിൽ നിന്ന് ആശ്വാസം കിട്ടുന്നതും എല്ലാം.

ഇനി അർദ്ധരാത്രിയിലെ പവർക്കട്ട് കാരണം ശരീരത്തിലെ ഈ തെർമോസ്റ്റാറ്റിന് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. കേരളത്തിലെ ഹ്യുമിഡിറ്റി കൂടിയ കാലാവസ്ഥയിൽ ഫാൻ അല്ലെങ്കിൽ AC നിലയ്ക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് ഇനി പറയുന്നത്. സ്വാഭാവികമായും മുറിയിലെ ചൂട് കൂടുമ്പോൾ അത് ശരീരതാപനില ഉയർത്തും. ഹൈപോതലാമസ് ചൂട് കുറയ്ക്കാനുള്ള ശ്രമം തുടങ്ങും. നമ്മൾ വിയർക്കും. പക്ഷെ ഹ്യുമിഡിറ്റി കൂടുതലായ കാരണം വിയർപ്പ് ബാഷ്പീകരിക്കപ്പെടില്ല. അതുകൊണ്ട് തന്നെ വിയർത്താലും ചൂട് കുറയില്ല. ശരീരതാപനില 37 °Cലും മുകളിൽ തന്നെ നിൽക്കും. ഇത് മെലാടോണിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുകയും തലച്ചോറിലെ സ്ലീപ്പ് സെൻ്റർ ആശയക്കുഴപ്പത്തിലാവുകയും ചെയ്യും. ഉറങ്ങാൻ കഴിയില്ല.

അവിടം കൊണ്ട് തീരില്ല. ഉറങ്ങേണ്ട സമയത്ത് ഉറങ്ങാൻ കഴിയാത്തത് എന്തോ ഒരു അപകടാവസ്ഥയായി ശരീരം വിലയിരുത്തും. ഇത് കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സ്‌ട്രെസ് ഹോർമോണുകൾ ഉയരാൻ കാരണമാകും. ഇവ തലച്ചോറിനെ പിന്നെയും ജാഗരൂകമാക്കുകയും ഉറങ്ങാനുള്ള ത്വര കുറയ്ക്കുകയും ചെയ്യും. മാത്രമല്ല പ്രമേഹരോഗികളുടെ ഷുഗറും രക്തസമ്മർദ്ദ രോഗികളുടെ പ്രഷറും നിയന്ത്രണം വിടാൻ ഇതു തന്നെ ധാരാളം.

ഇനി മറ്റൊരു പ്രധാന സംഗതിയാണ് 'സ്ലീപ്പ് ആർക്കിടെക്ച’റിൽ ഉണ്ടാകുന്ന മാറ്റങ്ങൾ.നമ്മുടെ രാത്രി ഉറക്കം ആദ്യാവസാനം ഒരേ താളത്തിൽ നടക്കുന്ന ഒന്നല്ലാ എന്ന് നമുക്കറിയാം (ഞാനും ചില വീഡിയോസ് ചെയ്തിട്ടുണ്ട് ഇതിനെ പറ്റി). ആറേഴ് മണിക്കൂർ നീളുന്ന ഉറക്കം 90 മിനിറ്റ് വീതമുള്ള ചക്രങ്ങളായാണ് (Sleep Cycles) ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വിശദമായി എഴുതിയാൽ കുറിപ്പ് നീണ്ടുപോകുമെന്നതിനാൽ മുതിരുന്നില്ല. അതിൽ തന്നെ NREM എന്ന് പറയുന്ന ഘട്ടത്തിലാണ് കോശങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്നതും രോഗപ്രതിരോധശേഷി ഉണ്ടാകുന്നതും തലച്ചോറിലെ വേസ്‌റ്റ് ഡിസ്പോസൽ ഒക്കെ നടക്കുന്നതും. REM ഘട്ടം ഓർമ്മശക്തി, വൈകാരിക സന്തുലിതാവസ്ഥ, ചിന്താശേഷി തുടങ്ങിയ കാര്യങ്ങൾക്ക് വളരെ പ്രധാനമാണ്.രാത്രി 11-നും പുലർച്ചെ 1-നും ഇടയിൽ കറണ്ട് പോകുമ്പോൾ കൃത്യമായി മുറിയുന്നത് ഈ നിർണ്ണായക ഘട്ടങ്ങളാണ്. പിന്നീട് കറണ്ട് വന്നാലും തലച്ചോറിന് ഈ ഘട്ടങ്ങൾ ആദ്യം മുതൽ പുനരാരംഭിക്കേണ്ടി വരുന്നു. 6-7 മണിക്കൂർ കിടക്കയിൽ കിടന്നാലും രാത്രി വൈകി ഉറങ്ങിയാലും പിറ്റേന്ന് ‘ഉറക്കക്ഷീണം’ മാറാത്തതിന്റെ കാരണം ഇതാണ്. ഇങ്ങനെ ദിവസേന തുടർച്ചയായി ഉറക്കം മുറിയുന്നത് അടുത്ത ദിവസത്തെ പൂർണ്ണമായും തകിടം മറിക്കുന്നു. ബ്രെയിൻ ഫോഗ് പോലുള്ള അവസ്ഥകൾ ഉണ്ടാവുകയും ചിന്തിക്കാനും വേഗത്തിൽ തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവ് കുറയുകയും ചെയ്യും.

ഉറക്കക്കുറവ് വിശപ്പ് നിയന്ത്രിക്കുന്ന ഹോർമോണുകളെ ബാധിക്കുന്നതിനാൽ വിശപ്പും ജങ്ക് ഫുഡ് കഴിക്കാനുള്ള ത്വരയും കൂടുന്നു. ഹൃദയത്തിന് രാത്രി ലഭിക്കേണ്ട വിശ്രമം ലഭിക്കാതെ പോകുന്നത് ബി.പി ഉയരാൻ ഇടയാക്കുന്നു. ആരോഗ്യമുള്ള ഒരു മനുഷ്യനെ ഏതാനും ആഴ്ചകൾ കൊണ്ട് ഒരു രോഗിയോ പല രോഗങ്ങൾക്കും വേഗത്തിൽ കടന്നു കൂടാൻ പറ്റിയ ആരോഗ്യമില്ലാത്ത അവസ്‌ഥയോ ആക്കി മാറ്റാനും ജോലിയിലും ചിന്തയിലും ഒക്കെ കാര്യക്ഷമത കുറഞ്ഞ ഒരാളാക്കി മാറ്റാനും ഈ അർദ്ധരാത്രിയുളള പവർക്കട്ട് കാരണമാകും. പണ്ടും പവർക്കട്ട് ഉണ്ടായിരുന്നു. പക്ഷെ അത് പരമാവധി 10 മണിക്കകം എന്ന് കൃത്യമായി നിശ്ചയിക്കപ്പെട്ടിരുന്നു. പകൽ മുഴുവൻ ജോലി ചെയ്തിട്ട് സാധാരണയായി മനുഷ്യർ കിടന്നുറങ്ങുന്ന സമയത്ത് കറണ്ട് പോവില്ലായിരുന്നു. ഏറ്റവും കുറഞ്ഞത് ആ ഒരു പരിഗണന എങ്കിലും മലയാളികൾ അർഹിക്കുന്നുണ്ട് എന്ന് വിശദമാക്കിയാണ് ഡോ. മനോജ് വെള്ളനാടിന്റെ കുറിപ്പ് അവസാനിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം