Asianet News MalayalamAsianet News Malayalam

കേരളം; കടുവകളുടെ എണ്ണത്തില്‍ വയനാട് ഒന്നാമത്

 250 ലധികം കടുവകള്‍ കേരളത്തില്‍ ഉണ്ടാകുമെന്ന് വനംവകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളില്‍ മറ്റെല്ലായിടത്തും ഒളിക്യാമറ നിരീക്ഷണം നടത്തി. 

senses of tiger survey in kerala wayanad in first
Author
Wayanad, First Published May 16, 2019, 9:03 AM IST

കല്‍പ്പറ്റ: കര്‍ണാടക - തമിഴ്‌നാട് സംസ്ഥാനങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന വയനാട്, വയനാട് സൗത്ത്, നോര്‍ത്ത് വയനാട് വന്യജീവി സങ്കേതങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചതായി കണക്കെടുപ്പില്‍ കണ്ടെത്തി. കേരളത്തിലെ പറമ്പിക്കുളം, പെരിയാര്‍ വന്യജീവി സങ്കേതങ്ങള്‍ ഇതോടെ വയനാടിന് പിന്നിലായി. വനം-വന്യജീവി വകുപ്പ് ക്യാമറ സ്ഥാപിച്ച് തയ്യാറാക്കി കണക്ക് പ്രകാരം വയനാട് വന്യജീവി സങ്കേതത്തില്‍ 84 കടുവകള്‍ ഉള്ളതായാണ് കണക്ക്. 

എന്നാല്‍ പറമ്പിക്കുളം, പെരിയാര്‍ എന്നിവിടങ്ങളില്‍ 25 വീതം കടുവകള്‍ മാത്രമാണ് ഉള്ളതെന്നാണ് കണക്കുകള്‍. 2017-2018 കാലയളവിലായിരുന്നു ക്യാമറ സ്ഥാപിച്ചുള്ള കടുവകളുടെ കണക്കെടുപ്പ് നടന്നത്. കേരളത്തിലൊട്ടാകെ 176 കടുവകള്‍ ഉണ്ട്. അതേ സമയം ഒരു വയസില്‍ താഴെയുള്ള കടുവ കുഞ്ഞുങ്ങളെ കണക്കില്‍പ്പെടുത്തിയിട്ടില്ല. 

ഇവയടക്കം 250 ലധികം കടുവകള്‍ കേരളത്തില്‍ ഉണ്ടാകുമെന്ന് വനംവകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാല്‍ നിലമ്പൂര്‍ സൗത്ത്, നിലമ്പൂര്‍ നോര്‍ത്ത് വനം ഡിവിഷനുകളില്‍ ക്യാമറ സ്ഥാപിച്ചിരുന്നില്ല. സംസ്ഥാനത്തെ 36 വനം ഡിവിഷനുകളില്‍ മറ്റെല്ലായിടത്തും ഒളിക്യാമറ നിരീക്ഷണം നടത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. എന്‍. അജ്ഞന്‍ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു നിരീക്ഷണവും ഏകോപനവും. 

വയനാട് വന്യജീവി സങ്കേതത്തിനുള്ളില്‍ 75 കടുവകളെയും സൗത്ത് വയനാട് വനം ഡിവിഷനില്‍ നാല് കടുവകളെയും നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ അഞ്ച് കടുവകളെയും കണ്ടെത്തി. 1640 ക്യാമറകളാണ് ഇതിനായി സ്ഥാപിച്ചത്. ഇവയില്‍ പതിഞ്ഞ രണ്ട് ലക്ഷം ചിത്രങ്ങളെ വിശദമായി പഠനത്തിന് വിധേയമാക്കിയാണ് കടുവകളുടെ എണ്ണം കണക്കാക്കിയത്. ഫോറസ്റ്റ് വാച്ചര്‍മാര്‍ മുതല്‍ ഡിഎഫ്ഒ വരെയുള്ളവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച സംഘത്തിന് ഇതിനായി പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. 

Follow Us:
Download App:
  • android
  • ios