തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായിരുന്ന സെപ്റ്റിക് ടാങ്ക് ചോർച്ച പരിഹരിച്ചു. പിഡബ്യുഡി അധികൃതരുടെ അനാസ്ഥയിൽ സ്ത്രീകളും പിഞ്ചു കുഞ്ഞുങ്ങളും പകർച്ചവ്യാധി ഭീഷണിയിലാണെന്ന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വാർത്തയെ തുടർന്ന് വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തിരുന്നു. പൊതുമരാമത്തു വകുപ്പ് ബിൽഡിങ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ മൂന്നാഴ്ചയ്ക്കകം സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം.

ആശുപത്രി കോമ്പൗണ്ടിലെ പാർക്കിംഗ് ഏരിയയിലെ എസിആർ ലാബിന് സമീപമുള്ള സെപ്ടിക് ടാങ്ക് ഒരു മാസത്തിലേറെയായി പൊട്ടി ഒലിക്കുകയായിരുന്നു. മഴക്കാലം കൂടി ആയതോടെ കക്കൂസ് മാലിന്യം പ്രദേശമാകെ പടർന്ന് ദുർഗന്ധം വമിച്ചിരുന്നു. പാർക്കിംഗ് ഏരിയക്ക് സമീപമുള്ള സൊസൈറ്റി പേ വാർഡിൽ അമ്മമാരും നവജാത ശിശുകളും ഈ ദുർഗന്ധം സഹിച്ചു കഴിയേണ്ട അവസ്ഥയായിരുന്നു. 

വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ  പിഡബ്യുഡി അധികൃതർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയാണ് നടപടി സ്വീകരിച്ചത്. ഇതോടെയാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി ആശുപത്രി കോമ്പൗണ്ടിലെ പാർക്കിങ് ഏരിയയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടായിരുന്ന സെപ്റ്റിക് ടാങ്ക് ചോർച്ചക്ക് പരിഹാരമായത്.