ഇപോസ് മെഷീനുകളുടെ സെര്‍വര്‍ തകരാറിലായത് മൂലം സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണ്ണമായും നിലച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയില്‍. ഇ - പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാറിലായത് മൂലം റേഷന്‍ വിതരണം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പതിനാലായിരത്തിലധികം റേഷന്‍ കടകളും സ്തംഭിച്ചിരിക്കുകയാണ്. രാവിലെ മുതല്‍ ഇ - പോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നില്ല. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ പ്രതിഷേധിച്ച് മടങ്ങുന്നു. രണ്ടാഴ്ചക്കുള്ളില്‍ നാലാം തവണയാണ് മെഷീനുകള്‍ പണിമുടക്കുന്നത്.

ഹൈദരബാദ് കേന്ദ്രീകരിച്ചുള്ള വിഷന്‍ടെക് എന്ന സ്വകാര്യസ്ഥാപനത്തെയാണ് ഇ - പോസ് മെഷീനുകളുടെ പ്രവര്‍ത്തന ചുമതല ഏല്‍പിച്ചിരിക്കുന്നത്. ഇവിടുത്തെ സര്‍വറിലുള്ള തകരാറാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണെന്നാണ് ഭക്ഷ്യമന്ത്രിയുടെ ഓഫീസിന്‍റെ പ്രതികരണം. അടിക്കടി പരാതികളുയരുന്ന സാഹചര്യത്തില്‍ ഇ - പോസ് മെഷീനുകളുടെ പ്രവര്‍ത്തനം സര്‍ക്കാരിന് കീഴിലുള്ള ഏതെങ്കിലും ഐടി സ്ഥാപനത്തിന്‍റെ നിയന്ത്രണത്തിലാക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് ഭക്ഷ്യവകുപ്പ്.

ഇതിനിടെ സർവർ പ്രശ്നം ഇന്ന് പരിഹരിച്ചില്ലെങ്കിൽ നാളെ മുതൽ കടകളടച്ചിടുമെന്ന് റേഷൻ വ്യാപാരികൾ പറഞ്ഞു. ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷനാണ് പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്