പൊലീസിന് തിരിച്ചടി, ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റിനെതിരായ സ്ഥിരം കുറ്റവാളി കേസ് കോടതി റദ്ദാക്കി
സമൂഹത്തിൽ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകൾക്കെതിരെ ചുമത്തുന്ന വകുപ്പ് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെതിരെ ചുമത്തിയതിനെതിരെ വലിയ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു.
തൃശ്ശൂര്‍ : കേരളാ പൊലീസിന് കോടതിയിൽ തിരിച്ചടി. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റിനെ സ്ഥിരം കുറ്റവാളിയാക്കിയ കേസ് കോടതി റദ്ദാക്കി. തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് സിആര്‍പിസി 107 വകുപ്പ് ചുമത്തിയെടുത്ത കേസാണ് തൃശ്ശൂർ ആര്‍ ഡി ഓ കോടതി റദ്ദാക്കിയത്. തൃശൂർ ഈസ്റ്റ് പൊലീസ് ആണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിക്ക് സ്ഥിരം കുറ്റവാളിയാക്കി റിപ്പോർട്ട് നൽകിയത്.
സമൂഹത്തിൽ സമാധാന ജീവിതത്തിന് ഭീഷണിയായ സ്ഥിരം ക്രിമിനലുകൾക്കെതിരെ ചുമത്തുന്ന വകുപ്പ് ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെതിരെ ചുമത്തിയതിനെതിരെ വലിയ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു. കേസെടുത്തതിന് പിന്നാലെ ബിജെപി വലിയ പ്രതിഷേധം ഉയർത്തി. കോടതി നടപടിയിൽ സന്തോഷമുണ്ടെന്നും നീതി നേടിയെടുക്കാൻ പോരാടിയ എല്ലാവരോടും നന്ദിയുണ്ടെന്നും അഡ്വ കെ.കെ അനീഷ്കുമാർ പ്രതികരിച്ചു.