Asianet News MalayalamAsianet News Malayalam

ആഴക്കടലിൽ ചെയ്തതെല്ലാം തെറ്റ്, വിടാതെ അധികൃതർ; പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും 7 കടൽയാനങ്ങൾ പിടികൂടി

കരയിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി ദൂര പരിധി ലംഘിച്ച്   മത്സ്യബന്ധനം നടത്തിയ കൊല്ലം ശക്തികുളങ്ങര സ്വദേശികളായ ജോസഫ് അഗസ്റ്റിൻ,  ലാസർ ജോസഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടുകളാണ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. 

seven illegal fishing boat seized by authority
Author
First Published Aug 26, 2024, 3:29 AM IST | Last Updated Aug 26, 2024, 3:29 AM IST

തിരുവനന്തപുരം: നിയമം ലംഘിച്ചും രേഖകളില്ലാതെയും മത്സ്യബന്ധനം നടത്തിയ ഏഴ് കടൽ യാനങ്ങൾ തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെൻ്റും കസ്റ്റഡിയിൽ എടുത്തു. കൊല്ലം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള  രണ്ട് ബോട്ടുകളും തമിഴ്നാട് രജിസ്ട്രേഷനുള്ള മൂന്ന് ട്രോളറുകളും രണ്ട് ഫൈബർ വള്ളങ്ങളും ഉൾപ്പെടെ ഏഴ് കടൽ യാനങ്ങളാണ് പിടിയിലായത്. അധികൃതർ എത്തുന്നത് കണ്ട് മറ്റ് നിരവധി ബോട്ടുകാർ കടലിൽ വിരിച്ചിരുന്ന വല മുറിച്ച് കളഞ്ഞ് രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു. 

വിഴിഞ്ഞം ഫിഷറീസ് അസി. ഡയറക്ടറുടെ നിർദേശപ്രകാരം മറൈൻ എന്ഫോഴ്സ്മെന്റ് സിവിൽ പൊലീസ് ഓഫിസർ അജീഷ് കുമാർ എം,  ലൈഫ് ഗാര്ഡുമാരായ യൂജിൻ എസ്, നസ്രേത്ത്, പനിയടിമ എം, ഫ്രെഡി എം, ആൻ്റണി ഡി, സുരേഷ്. ആർ, ജോണി എസ്, വിൽസൺ എന്നിവർ വിഴിഞ്ഞത്ത് നിന്നും മറൈൻ ആംബുലസിലും വള്ളങ്ങളിലുമായി നടത്തിയ പട്രോളിങ്ങിലാണ് ട്രോളറുകൾ അടക്കമുള്ളവ പിടിയിലായത്. കരയിൽ നിന്നും രണ്ട് കിലോമീറ്റർ ഉള്ളിലായി ദൂര പരിധി ലംഘിച്ച്   മത്സ്യബന്ധനം നടത്തിയ കൊല്ലം ശക്തികുളങ്ങര സ്വദേശികളായ ജോസഫ് അഗസ്റ്റിൻ,  ലാസർ ജോസഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടുകളാണ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. 

പരിശോധനയിൽ  ആൻ്റണി ഡെല്ലസ് എന്നയാളിൻ്റെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടും തമിഴ്നാട് സ്വദേശികളായ സജി, ഗോൾഡൺ  എന്നിവരുടെ ഉടമസ്ഥതയിലുള്ള ട്രോളർ ബോട്ടും ഇരവി പുത്തൻതുറ സ്വദേശിനി ശശികലയുടെയും ഇനയം പുത്തൻതുറ സ്വദേശി യേശുരാജൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളങ്ങളുമാണ് കോമ്പൗണ്ടിംഗ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ദീപയുടെ മേൽ നോട്ടത്തിൽ കസ്റ്റഡിയിൽ എടുത്തത്.  

ഫൈബർ വള്ളങ്ങളിലെ മീൻ 80000 രൂപക്ക് ലേലം ചെയ്ത് പണം കണ്ടു കെട്ടി. പിടിയിലായ മറ്റ് യാനങ്ങളിലെ മത്സ്യം അടുത്ത പ്രവർത്തി ദിവസങ്ങളിൽ ലേലം ചെയ്യുമെന്നും പിഴയീടാക്കുന്നതടക്കമുള്ള തുടർ നടപടികൾ ഫിഷറീസ് അസി. ഡയറക്ടർ സ്വീകരിച്ച് വരുന്നതായും അധികൃതർ അറിയിച്ചു. മറൈൻ ആംബുലൻസ് ക്യാപ്റ്റൻ വാൽത്തൂസ്, സ്റ്റാഫ് അരവിന്ദൻ കുബർട്ടിൻ, സാൻവിൻ, വിഴിഞ്ഞം കോസ്റ്റൽ എസ്.ഐ ജോസ്,  സി.പി.ഒ രാകേഷ്, വാർഡൻമാരായ സാദിഖ്, അലക്സാണ്ടർ എന്നിവരുമടങ്ങിയ സംഘവും പരിശോധനയിൽ പങ്കെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios