പേരാമ്പ്രയിൽ ഏഴ് വിദ്യാർത്ഥികളെ തെരുവ് നായ കടിച്ചു. രണ്ട് പേര് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അഞ്ച് പേർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

കോഴിക്കോട്: പേരാമ്പ്രയിൽ ഏഴ് വിദ്യാർത്ഥികളെ തെരുവ് നായ കടിച്ചു(Street dog attack). രണ്ട് പേര് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അഞ്ച് പേർ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ആറ് വിദ്യാർത്ഥികൾക്ക് കടിയേറ്റത് പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ വെച്ചാണ്.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ഹയർസെക്കൻഡറി സ്ക്കൂൾ കോമ്പൗണ്ടിൽ വെച്ച് ആറ് വിദ്യാർത്ഥികൾക്ക് നായക്കളുടെ കടിയേറ്റത്. ഒരു കുട്ടിക്ക് സ്കൂളിന് പുറത്ത് വെച്ചും കടിയേറ്റു. അഞ്ച് കുട്ടികള്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തി കുത്തിവെപ്പ് എടുത്തു. വലിയ മുറിവേറ്റ രണ്ട് വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. മുറിവ് മരുന്ന് വെച്ച് കെട്ടി കുത്തിവെപ്പ് നല്‍കി. 

ഇവരേയും വീടുകളിലേക്ക് വിട്ടു.സ്കൂളില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്ന പരാതി ഏറെ നാളായുണ്ട്. കൊവിഡ് കാലത്ത് സ്കൂള്‍ കോമ്പൗണ്ട് നായക്കളുടെ താവളമായിരുന്നു. സ്കൂള്‍ തുറന്നപ്പോള്‍ സ്കൂളിനകത്ത് കയറുന്നത് നായക്കള്‍ അക്രമിക്കുമോ എന്ന ഭീതിയിലാണെന്ന് അധ്യപകരും വിദ്യാര്‍ത്ഥികളും പരാതിപ്പെട്ടു. ഇക്കാര്യങ്ങള്‍ സ്കൂള്‍ അധികൃതര്‍ പഞ്ചായത്തിനേയും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് കിട്ടിയതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.