മാന്നാര്‍: കരള്‍ രോഗം പിടിപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴ് വയസുകാരനായ മകന് അമ്മയുടെ കരൾ പകുത്ത് കൊടുത്തിട്ടും എല്ലാവരേയും ദുഃഖത്തിലാഴ്ത്തി അവൻ മരണത്തിനു കീഴടങ്ങി. മാന്നാര്‍ പഞ്ചായത്ത് പാവുക്കര ഒന്നാം വാര്‍ഡില്‍ നങ്ങാലടിയില്‍ വീട്ടില്‍ എന്‍ ടി കൊച്ചുമോന്‍, എസ് പ്രിയ ദമ്പതികളുടെ മകന്‍ കെ അഭിനവ് (7) ആണ് മരണത്തിന് കീഴടങ്ങിയത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ എറണാകുളം അമൃതാ ആശുപത്രിയിലായിരുന്നു അന്ത്യം.

അഭിനവിന് ഒരു വയസായപ്പോഴാണ് രോഗം പിടിപെടുന്നത്. നിര്‍ത്താതെയുള്ള  ഛര്‍ദ്ദിലിനെ തുടര്‍ന്ന് കടപ്ര സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. സ്‌കാനിങ് ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധനയില്‍ അഭിനവിന്റെ കരളില്‍ അര്‍ബുദം പിടിപ്പെട്ടതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. കോട്ടയത്തും, തിരുവനന്തപുരം ആര്‍സിസിയിലും കീമോ നടത്തിയതിലൂടെ രോഗം ഭാഗികമായി ഭേദപ്പെട്ടു.

യുകെജി പഠനം കഴിഞ്ഞ് ഒന്നാം ക്ലാസ് പ്രവേശനത്തിന് തയ്യാറെടുക്കുമ്പോഴാണ് രോഗം വീണ്ടും പിടികൂടിയത്. കൂലിപ്പണിക്കാരനായ കൊച്ചുമോന്‍ ബന്ധുകളുടെയും നാട്ടുകാരുടെയും സഹായത്തോടെ നല്ലൊരു തുക ചികിത്സയ്ക്കായി ചെലവഴിച്ചു.

കഴിഞ്ഞ മാര്‍ച്ച് അവസാനത്താടെ അഭിനവിന് വയറുവേദനയും, വയറുവീര്‍പ്പും, മൂത്ര തടസവും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കരള്‍ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. കരള്‍ നല്‍കാന്‍ അമ്മ തയ്യാറായി. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സയ്ക്കുമായി 25 ലക്ഷം രൂപ സമാഹരിച്ചത് നാട്ടുകാര്‍, പഞ്ചായത്ത്, വ്യാപാര കേന്ദ്രങ്ങള്‍, സ്വാകാര്യ വ്യക്തികള്‍ എന്നിവിടങ്ങളില്‍ നിന്നാണ്.

ശസ്ത്രക്രിയ നടത്തി ചികിത്സയിലിരിക്കെ എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹായവും സ്വീകരിച്ച് കളിചിരിയിലേക്ക് തിരിച്ചു വന്ന അഭിനവിന്റെ മരണം നാട്ടുകാരെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.