സമപ്രായാക്കാർ ടീച്ചറും കുട്ടിയും കളിക്കുന്ന പ്രായത്തിൽ സഹപാഠികളുടെയും സമപ്രായക്കാരുടെയും അധ്യാപികയായി അവർക്ക് മാതൃക കൂടിയാവുകയാണ് പന്ത്രണ്ട് വയസുകാരി വിസ്മയ.
തിരുവനന്തപുരം: സമപ്രായാക്കാർ ടീച്ചറും കുട്ടിയും കളിക്കുന്ന പ്രായത്തിൽ സഹപാഠികളുടെയും സമപ്രായക്കാരുടെയും അധ്യാപികയായി അവർക്ക് മാതൃക കൂടിയാവുകയാണ് പന്ത്രണ്ട് വയസുകാരി വിസ്മയ. വെള്ളായണി കാര്‍ഷിക കോളേജിന് സമീപം തിരുവോണത്തില്‍ പ്രദീപ് കുമാർ-ദീപ്തി ദമ്പതികളുടെ മകൾ വിസ്മയ പി. നായർ ഇപ്പോൾ വേൾഡ് ഓഫ് സയൻസ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ മറ്റുള്ളവർക്ക് അധ്യാപനം നടത്തുന്നത്.
പഠിക്കുന്നതിനൊപ്പം ലഭിക്കുന്ന അറിവ് മറ്റുള്ളവർക്ക് കൂടി പങ്കുവയ്ക്കുന്നു വിസ്മയക്ക് അധ്യാപകരും പൂർണ്ണ പിന്തുണ നൽകുകയാണ്. തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് വിസ്മയ. താൻ പഠിച്ചു കഴുഞ്ഞ അധ്യായങ്ങൾ തുടർന്ന് ക്ലാസ് രൂപത്തിൽ വീഡിയോ എടുത്ത് യൂട്യൂബിൽ ഇടുകയാണ് വിസ്മയ ചെയ്യുന്നത്. ഇതിൽ പലതും സ്‌കൂളിലെ ഓൺലൈൻ ക്ലാസിൽ പഠിപ്പിച്ചു തുടങ്ങാത്ത പാഠങ്ങളാണ്.
പണ്ട് മുതൽക്കേ സ്‌കൂൾ വിട്ട് വന്നാൽ അന്ന് പഠിച്ച കാര്യങ്ങൾ അമ്മ ദീപ്തിയെ വിദ്യാർത്ഥി ആക്കി ഇരുത്തി വിസ്മയ അധ്യാപികയുടെ വേഷം അണിഞ്ഞ് പഠിപ്പിക്കുമായിരുന്നു. പാഠപുസ്തകം ലഭിക്കാത്തവർക്ക് പാഠഭാഗങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ യൂട്യൂബ് ചാനൽ എന്ന തന്റെ ആശയം അമ്മയോട് പങ്കുവെച്ച വിസ്മയക്ക് മാതാപിതാക്കളുടെ പൂർണ പിന്തുണ ലഭിച്ചു. തുടർന്ന് വിസ്മയ തന്നെ സ്വന്തമായി യുട്യൂബ് ചാനൽ ആരംഭിച്ചു.
ഓൺലൈൻ ക്ലാസ് എടുക്കാൻ മുറിയിൽ ബോർഡും ലൈറ്റുകളും ഉൾപ്പടെ സൗകര്യങ്ങളും ഒരുക്കി പിതാവ് പ്രദീപ് മകളുടെ സ്വപ്നങ്ങൾക്ക് താങ്ങായി. ഓരോ ദിവസവും രണ്ടര മണിക്കൂർ പഠിച്ച ശേഷമാണ് അത് വീഡിയോ രൂപത്തിൽ ക്ലാസ് ആക്കി ചിത്രീകരിക്കുന്നത്. ട്രൈപോഡിന്റെ സഹായത്തോടെ വിസ്മയ തന്നെയാണ് ക്ലാസിന്റെ വീഡിയോ റെക്കോർഡ് ചെയ്യുന്നത്. ശേഷമുള്ള എഡിറ്റിംഗും വീഡിയോ അപ്ലോഡ് ചെയ്യുന്നതും എല്ലാം വിസ്മയ സ്വയം തന്നെയാണ്.
നിലവിൽ ബയോളജി വിഷയത്തിലാണ് ക്ലാസുകൾ എടുക്കുന്നത്. സിബിഎസ്ഈ സിലബസ് പ്രകാരമാണ് വിസ്മയ ക്ലാസുകൾ എടുക്കുന്നത്. ഇംഗ്ലീഷിൽ വളരെ രസകരമായാണ് വിസ്മയ ഓരോ പാഠങ്ങളും അവതരിപ്പിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലുള്ള ക്ലാസുകൾ ഉടൻ ആരംഭിക്കുമെന്ന് വിസ്മയ ഏഷ്യാനെറ്റ് ന്യൂസ് ഓണലൈനിനോട് പറഞ്ഞു.
സുഹൃത്തുക്കളും അധ്യാപകരും തന്റെ ക്ലാസുകൾക്ക് നല്ല അഭിപ്രായങ്ങളും പിന്തുണയും നൽകുന്നുണ്ടെന്നും കാശ്മീരിൽ നിന്ന് സുഹൃത്തായ തരൂപ് ക്ലാസുകൾ യൂട്യൂബ് ക്ലാസുകൾ കണ്ട് വിളിച്ചു അഭിനന്ദിച്ചുവെന്നും വിസ്മയ പറഞ്ഞു. തിങ്കൾ വെള്ളി ദിവസങ്ങളിൽ മാത്രമാണ് ഇപ്പോൾ വീഡിയോ യൂട്യൂബിൽ ഇടുന്നത്. അധ്യാപനത്തിന് പുറമെ പാട്ട്, ഡാൻസ് എന്നിവയും വിസ്മയക്ക് ഇഷ്ടമാണ്.
പഠിച്ച് ഡോക്ടർ ആകാനാണ് വിസ്മയുടെ ആഗ്രഹം. ഡോക്ടർ ആയി അധ്യാപന മേഖല തിരഞ്ഞെടുക്കാൻ ആണ് ആഗ്രഹം എന്നാണ് വിസ്മയ പറയുന്നത്. വിദ്യാർത്ഥി പ്രണവ് പി നായര്‍ സഹോദരനാണ്. 'World of Science Vismaya P Nair' എന്ന പേരിൽ തിരഞ്ഞാൽ യൂട്യൂബിൽ വിസ്മയയുടെ ചാനൽ ലഭിക്കും. രണ്ടായിരത്തോളം പേരാണ് ഇതുവരെ വിസ്മയയുടെ അധ്യാപന വീഡിയോകൾ കണ്ടിരിക്കുന്നത്.
