കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നതിനാൽ തുടർച്ചയായ ഏഴാം മാസവും കെഎസ്ഐർടിസി ലോ ഫ്ലോർ എസി ബസ്സുകൾ സർവ്വീസിനില്ല. മാസങ്ങളായി നിർത്തിയിട്ടിരിക്കുന്നതിനാൽ ബസ്സുകളിൽ പലതരം യന്ത്രത്തകരാർ സംഭവിക്കാൻ സാധ്യത കൂടി വരികയാണ്.

ഏറെ കൊട്ടിഘോഷിച്ച് ഇറക്കിയ ഇലക്ട്രിക് ബസ്സുകളിലൊന്ന് കൊച്ചിയിലെ കെഎസ്ആർടിസി ഗാരേജിൽ കാട് കേറിയും തുടങ്ങി. മഹാവൊയേജ് എന്ന സ്വകാര്യ കമ്പനിക്കാണ് ഇലക്ട്രിക് ബസ്സുകളുടെ നടത്തിപ്പ് ചുമതല.

അറ്റകുറ്റപ്പണിക്കായി എറണാകുളത്തെ കെഎസ്ആ‌ർടിസി ഗ്യാരേജിൽ നിർത്തിയിട്ടിരിക്കുന്ന ഇലക്ട്രിക് ബസ്സിന്‍റെ അവസ്ഥ പരിതാപകരമാണ്. ആഴ്ചകളായി ബസ് അനക്കിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തം. തൊട്ടടുത്ത് കട്ടപ്പുറത്തായ ജൻറം ബസ്സുകളിലും കാടുകേറി. ഇലക്ട്രിക് ബസ്സിന്‍റെ നടത്തിപ്പ് കെഎസ്ആർടിസി സ്വകാര്യ കമ്പനിയെയാണ് ഏൽപിച്ചിരിക്കുന്നത്. അതിനാൽ നേരിട്ട് ഉത്തരവാദിത്തമില്ലെന്നാണ് കെഎസ്ആ‌ർടിസി പറയുന്നത്.

കൊച്ചി തേവരയിലെ കെയുആർടിസിയുടെ ഡിപ്പോയിൽ 120-ഓളം വാഹനങ്ങൾ കഴിഞ്ഞ മാർച്ച് മുതൽ  നിർത്തിയിട്ടിരിക്കുകയാണ്.  അഞ്ച് ജീവനക്കാർ രാത്രിയും പകലുമായി ഡ്യൂട്ടിയിലുണ്ട്. വാഹനം നിശ്ചിത ഇടവേളകളിൽ ഓടിച്ച് പ്രവർത്തനക്ഷമമെന്ന് ഉറപ്പ് വരുത്തുന്നു. 

സർവ്വീസ് മാസങ്ങളോളം മുടങ്ങിയതിനാൽ പലതരം സാങ്കേതികതകരാറാണ് ബസുകൾക്ക് സംഭവിക്കുക. തുടർച്ചയായി നിർത്തി ഇട്ടിരിക്കുന്നതിനാൽ എയർ സസ്പെൻഷന് തകരാർ, ടയറുകളും കട്ടി കൂടി കേടുപാട് സംഭവിക്കും. ബാറ്ററിയും, എസിയും ഉപയോഗശൂന്യമാകാനും സാധ്യതകളേറെ.

ലോ ഫ്ലോർ ബസ്സുകളിൽ എസി ഇല്ലാതെ സർവ്വീസ് നടത്തുന്നതും പ്രായോഗികമല്ല. ഫിക്സഡ് ഗ്ലാസുകൾ താൽക്കാലികമായെങ്കിലും തുറക്കാവുന്ന രീതിയിൽ ക്രമീകരിച്ച് സർവ്വീസ് നടത്താനുള്ള ശ്രമത്തിലാണ് കെഎസ്ആർടിസി.