സുൽത്താൻ ബത്തേരി മണിച്ചിറ ചെറുതോട്ടത്തില്‍ വീട്ടില്‍ ജോണ്‍സണ്‍ എന്ന ഡോണല്‍ ലിബറ(65)യെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്

സുല്‍ത്താന്‍ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ച് കോടതി. സുൽത്താൻ ബത്തേരി മണിച്ചിറ ചെറുതോട്ടത്തില്‍ വീട്ടില്‍ ജോണ്‍സണ്‍ എന്ന ഡോണല്‍ ലിബറ(65)യെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.

 ജീവപര്യന്തങ്ങള്‍ക്ക് പുറമെ പന്ത്രണ്ടു വര്‍ഷവും ഒരു മാസവും വേറെയും തടവ് അനുഭവിക്കണം. 1,22,000 രൂപയാണ് പ്രതിക്ക് പിഴയായി വിധിച്ചിരിക്കുന്നത്. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കടുത്ത ശിക്ഷ ജോണ്‍സണ് ലഭിച്ചിരിക്കുന്നത്. 2023 ഫെബ്രുവരിയിലാണ് പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 

അന്നത്തെ അമ്പലവയല്‍ സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.ജി രാംജിത്ത് ആണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇദ്ദേഹത്തോടൊപ്പം എസ്.ഐ കെ.എ ഷാജഹാന്‍, എ.എസ്.ഐ സബിത, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അനുമോള്‍, അഫ്സ് തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ഹാജരായി.