സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കുന്നു, ഗവർണർക്കെതിരെ കരിങ്കൊടിയുമായി എസ്എഫ്ഐ
സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാൻ ഗവർണർ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം
വഴുതക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം വഴുതക്കാട് ജംഗ്ഷനിൽ വെച്ചായിരുന്നു കരിങ്കൊടി കാണിച്ചത്. സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാൻ ഗവർണർ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. പിന്നാലെ വഴുതക്കാട് കോളേജിന്റെ മുന്നിൽ വച്ചും എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചിരുന്നു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സമാനമായ മറ്റൊരു സംഭവത്തിൽ പെരുമ്പാവൂരിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് 15 ഓളം യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നവകേരള സദസിനെതിരായ പ്രതിഷേധം തുടരുമെന്ന് കെ എസ് യു, കരിങ്കൊടികൊണ്ട് പ്രതിഷേധിച്ചവരെ കയ്യൂക്ക് കൊണ്ട് നേരിട്ട ഡിവൈഎഫ്ഐക്കും കേരളാ പൊലീസിനും എതിരെയുളള പ്രതികരണം കൂടിയാണ് എറണാകുളം ജില്ലയിലെ പ്രതിഷേധമെന്ന് സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം