Asianet News MalayalamAsianet News Malayalam

വൈപ്പിൻ ഗവ. കോളേജിൽ എഐഎസ്എഫ് പ്രവർത്തകനെ മർദ്ദിച്ചെന്ന് പരാതി; എട്ട് എസ്എഫ്ഐക്കാർക്കെതിരെ കേസ്

സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അലീഷ് ഉൾപ്പെടെ എട്ട് പേർക്കെതിരെ ഞാറക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

sfi aisf clash in vypin govt college
Author
Vypin, First Published Feb 26, 2020, 10:52 AM IST

കൊച്ചി: എളങ്കുന്നപ്പുഴ വൈപ്പിൻ ഗവ. കോളേജിൽ എഐഎസ്എഫ് പ്രവർത്തകനെ എസ്എഫ്ഐക്കാർ മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ പരുക്കേറ്റ എഐഎസ്എഫ് വൈപ്പിൻ മണ്ഡലം പ്രസിഡന്‍റ് ആന്റണി തോംസണെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കോളേജിൽ നിന്നും ആന്റണി തോംസണെ വിളിച്ചിറക്കി എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ വർഷം കോളേജിൽ ഇരുവിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സ്വാലിഹ് അഫ്രഡിക്ക് പരിക്കേറ്റിരുന്നു. ഈ കേസിലെ സാക്ഷിയാണ് ആന്റണി തോംസൺ. കേസിൽ സാക്ഷി മൊഴി നൽകിയതു മൂലമുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്നാണ് എഐഎസ്എഫ് പറയുന്നത്. 

സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അലീഷ് ഉൾപ്പെടെ എട്ട് പേർക്കെതിരെ ഞാറക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പറവൂർ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആന്‍റണിയെ വിദഗ്ധ ചികിത്സക്കായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അലീഷ് അടക്കം മൂന്ന് എസ്എഫ്ഐ പ്രവർത്തകർ പറവൂർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. 

കഴിഞ്ഞ ജൂലൈയിൽ കോളേജിൽ ഉണ്ടായ സംഘർത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ സിപിഐ ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ്ഐക്കാർ തടഞ്ഞത് വിവാദമായിരുന്നു. വിഷയത്തിൽ ‍ഞാറക്കൽ സിഐക്ക് എതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നടന്ന ഐജി ഓഫീസ് മാർച്ചിന് നേരെയുണ്ടായ ലാത്തിച്ചാർജിൽ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം അടക്കമുള്ളവർക്ക് പരുക്കേറ്റിരുന്നു. 

Follow Us:
Download App:
  • android
  • ios